
തിരുവനന്തപുരം: പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം സംസ്ഥാന ബിജെപിയിൽ (BJP) തുടരുന്നു. ചാനൽ ചർച്ചക്കുള്ള പാർട്ടിയുടെ വാട്സാപ്പ് (whatsapp) ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തുപോയി.
പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നിവരാണ് പുറത്തുപോയത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അഡ്മിനായ ഗ്രൂപ്പാണിത്. കൃഷ്ണദാസ് പക്ഷത്തെ പിആർ ശിവശങ്കരനെ ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിൽ അടക്കമുള്ള പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുടെ വിട്ടുപോകലിന് കാരണം.
ഇതിനിടെ, വയനാട് ബിജെപിയിൽ ആഭ്യന്തര കലഹം മുറുകുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു. അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതിൽ അതൃപ്തി പരസ്യമാക്കിയാണ് നേതാക്കൾ രംഗത്തെത്തിയത്. കെ.പി മധുവിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് ഒരു വിഭാഗം വിട്ടുനിന്നിരുന്നു.
പരസ്യപ്രതിഷേധത്തിനും കൂട്ടരാജിക്കും പിന്നാലെയാണ് വയനാട് ജില്ലാ ബിജെപിയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാകുന്നത്. കെ.സുരേന്ദ്രന്‍ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്കുള്ളിൽ ആരോപണ വിധേയനാണ് കെ.പി മധു. സ്ഥാനാരോഹണ ചടങ്ങിൽ വിയോജിപ്പ് പരസ്യമാക്കി മുൻ അധ്യക്ഷൻ രംഗത്തെത്തി.
തനിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ടാണെന്ന് പുതിയ പ്രസിഡന്‍റ് കെ.പി മധു പറഞ്ഞു. കെ.പി മധുവിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് യുവമോർച്ചയുടെയും മഹിളമോർച്ചയിലെയും ഭൂരിഭാഗം നേതാക്കളും വിട്ടുനിന്നു. പുന:സംഘടനയിൽ പ്രതിഷേധിച്ച് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച കെ.ബി മദൻലാലിനെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam