പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത് എസ്‍ഡിപിഐ നേതാവ്

Published : May 30, 2022, 03:51 PM ISTUpdated : May 30, 2022, 05:05 PM IST
പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത് എസ്‍ഡിപിഐ നേതാവ്

Synopsis

അച്ഛൻ അസ്‍കറും പത്ത് വയസുകാരനെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചു, പൊലീസ് റിമാൻഡ് റിപ്പോ‍ർ‍ട്ട് പുറത്ത്; ജഡ്‍ജിമാരെ അധിക്ഷേപിച്ചതിന് യഹിയ തങ്ങൾക്കെതിരെ ആലപ്പുഴയിൽ പുതിയ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ പത്ത് വയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോർട്ടിലുള്ളത്. എസ്‍ഡിപിഐ (SDPI) തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീർ. കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്താണ് സുധീർ.

ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‍കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്കർ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറഞ്ഞിരുന്നത്. കുട്ടിയെ നേരത്തെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസിലിംഗ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. 

യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്. ഹൈക്കോടതി ജ‍ഡ്‍‍ജിയെ അധിക്ഷേപിച്ചതിന്റെ പേരിൽ ആലപ്പുഴ സൗത്ത് പൊലീസാണ് സ്വമേധയാ കേസ് എടുത്തത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിനിടെയായിരുന്നു അധിക്ഷേപ പരാമർശം. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ പരാമർശം നടത്തിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണനെതിരെയാണ് യഹിയ തങ്ങൾ അധിക്ഷേപ പരാമർശം നടത്തിയത്. പി.സി.ജോർ‍ജിന് ജാമ്യം നൽകിയ ജസ്റ്റിസ് ഗോപിനാഥിനെയും തങ്ങൾ അധിക്ഷേപിച്ചിരുന്നു. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയായതാണ് ഇത്തരം പരാമർശക്കിടയാക്കുന്നത് എന്നതായിരുന്നു വിവാദ പ്രസ്താവന. ഈ പ്രസ്താവനയുടെ പേരിലാണ് ആലപ്പുഴ പൊലീസ് സ്വമേധയാ കേസെടുത്തത്. പി.സി.ജോർജിന് ജാമ്യം നൽകിയ ജഡ്‍ജി പി.എസ്.ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്ന ആരോപണവും യഹിയ തങ്ങൾ ഉയർത്തി. 

ഹൈക്കോടതി ജഡ്‍ജിമാർക്കെതിരായ പോപ്പുലർ ഫ്രണ്ട് (POPULAR FRONT OF INDIA) നേതാവിന്റെ വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷകനായ അരുൺ റോയ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്‍ജിക്കെതിരായ യഹിയ തങ്ങളുടെ പരാമർശം അപകീർത്തികരമാണെന്നാക്ഷേപിച്ചാണ് അഭിഭാഷകന്റെ നീക്കം.  ഇതിനിടയിലാണ് ആലപ്പുഴ പൊലീസ് കേസെടുത്തത്. 

യഹിയ തങ്ങൾ റിമാൻഡിൽ

ഈ മാസം 13 വരെയാണ് യഹിയ തങ്ങളെ കോടതി റിമാൻഡ് ചെയ്തത്. യഹിയയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പത്ത് വയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശി ആയതിനാൽ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

പിഎഫ്ഐയുടെ സംസ്ഥാന സമിതിയംഗമാണ് തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ. കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചു. സംഘടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണമെന്നും കോടതി നിർ‍ദേശിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും