
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിയെതുടര്‍ന്നുണ്ടായ പ്രതിഷേധ സമരത്തെ സുവര്‍ണാവസരം എന്ന് പാര്‍ട്ടി യോഗത്തില്‍ വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ള രംഗത്ത്.സമാധാനപരമായി സമരം ചെയ്യാൻ കിട്ടിയ സുവർണ അവസരം എന്നാണ് ഉദ്ദേശിച്ചത് .ഗാന്ധിയൻ മോഡൽ സമരം എന്നാണ് ഉദ്ദേശിച്ചത്.അക്രമത്തിലേക്ക് സമരം പോയത് ശരിയോ തെറ്റോ എന്നത് വേറെ വിഷയം .ശബരിമലയിൽ തന്ത്രിയെ മാറ്റാൻ അന്ന് ശ്രമം നടന്നു കേസ് എടുത്ത ശേഷം മാറ്റി നിർത്താൻ ആയിരുന്നു നീക്കം .ബ്രാഹ്മണ സമുദായത്തിൽ പെടാത്ത ആളെ തന്ത്രി ആക്കാൻ ശ്രമം നടന്നു. .ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചവരെയൊക്കെ കാലം കണക്ക് പറയിപ്പിച്ചു.വിശ്വാമിത്ര എജ്യുക്കേഷൻ ട്രസ്റ്റിന്റെ an insight on sabarimala എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.
2018 നവംബറില്‍ കോഴിക്കോട്ട് നടന്നയുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്‍റെ ശബ്ദരേഖ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭച്ചത് ഏറെ വിവാദമായിരുന്നു.
അന്നത്തെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങളുടെ ലിഖിത രൂപം ചുവടെ:
"ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നുള്ളത് സംബന്ധിച്ച്... നമുക്കൊരു വര വരച്ചാൽ വരയിലൂടെ അത് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങളുള്ളത്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോൾ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മളുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണെന്ന് ഞാൻ കരുതുകയാണ്
അതുകൊണ്ട് ഞാൻ പറയാനാഗ്രഹിക്കുന്നു, ഇപ്പോഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ മലയാളമാസം ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ, 17 മുതൽ 28 വരെയുള്ള സമരം... ഏതാണ്ട് ബിജെപിയാണ് അത് പ്ലാൻ ചെയ്ത് നടപ്പാക്കിയത്. നമ്മുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാര്‍ നിർദ്ദേശിക്കപ്പെടതനുസരിച്ച് ഓരോ സ്ഥലത്തുപോയി നിന്നു. അവർക്ക് വിജയകരമായി ആ കാര്യങ്ങൾ നടപ്പാക്കാൻ സാധിച്ചു.
അതുപോലെതന്നെ ആദ്യത്തെ ദിവസം, 19ആം തീയതി, രണ്ട് സ്ത്രീകളേയും കൊണ്ട് പോകുന്ന അവസരത്തിൽ, പുറം ലോകത്തിനറിയില്ല, പക്ഷേ യുവമോർച്ചയുടെ ഒരു ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അന്നവിടെ ഭക്തജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്, ശ്രീജിത്ത് രണ്ട് സ്ത്രീകളേയും കൊണ്ടുപോയപ്പോൾ അതിന് തടയിടാൻ ശ്രമിച്ചത് എന്ന വസ്തുത നമുക്കറിയാം.
പക്ഷേ അതിനുശേഷം അത് അങ്ങനെയല്ലാതായി തീരത്തക്ക സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോയി. അവിടെ പോകുന്ന എല്ലാവരുടേയും ഫോട്ടോയും കാര്യങ്ങളും ഒക്കെയായപ്പോൾ വേറൊരു തലത്തിലേക്ക് പോയി. അതുകൊണ്ട് കോട്ടം ഉണ്ടായി എന്നു ഞാൻ കരുതുന്നില്ല. പക്ഷേ, നമ്മുടെ പ്രസ്ഥാനം നിശ്ചയിക്കുന്നതനുസരിച്ച് പോകുമ്പോൾ ഉണ്ടാകുന്ന നേട്ടം ഒരു ഭാഗത്തും അതേസമയത്ത് എതിരാളികൾ പ്രകോപിപ്പിച്ച് നമ്മളെക്കൊണ്ട്... വഴി ഏതാണ്ട് തെറ്റിച്ചുകൊണ്ടുപോകുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നതും. ഒരു സമരത്തെ സംബന്ധിച്ചിടത്തോളം, ഒരു നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തെ സംബന്ധിച്ചിടത്തോളം അതിന് അതിന്‍റേതായ പരിമിതികൾ ഉണ്ടാകുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്.
ഇതൊരു ലോംഗ് സ്റ്റാൻഡിംഗ് ഫൈറ്റ് ആണ്. ആ ഫൈറ്റിന് പല തട്ടുകളുണ്ട്. അവര് കൊണ്ടുപോയിരുന്നെങ്കിലോ? കൊണ്ടുപോയാൽ എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കാൻ കഴിവുള്ള, അതിന് സജ്ജമാക്കപ്പെട്ട താന്ത്രിക സമൂഹമുണ്ട്. ആ തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം, എന്നെ സംബന്ധിച്ചിടത്തോളം, ബിജെപിയിലുണ്ട്. അതിന്‍റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. അന്ന് സ്ത്രീകളെയും കൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തിൽ തന്ത്രി മറ്റൊരു ഫോണിൽ നിന്നും വിളിച്ചു എന്നോട് സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. എന്തോ അറം പറ്റിയതുപോലെ ആ വാക്ക് ശരിയാവുകയും ചെയ്തു.
അദ്ദേഹം അൽപ്പം അസ്വസ്ഥനായിരുന്നു. ഇത് പൂട്ടിയിട്ടാൽ കോടതിവിധി ലംഘിച്ചു എന്നുവരില്ലേ? കോടതിയലക്ഷ്യം ആകില്ലേ? പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു.
ഞാൻ വിളിച്ച അവസരത്തിൽ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല. ഇത് കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. കണ്ടംപ്റ്റ് ഓഫ് കോർട്ടിന് കേസെടുക്കുന്നുണ്ടെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാകും എടുക്കുക. പതിനായിരക്കണക്കിന് ആളുകളുണ്ടാകും കൂട്ടത്തിൽ.
തിരുമേനി ഒറ്റയ്ക്കല്ല എന്നു പറഞ്ഞപ്പോൾ രാജീവര്, എനിക്ക് സാറ് പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്നെടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ്തവത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. വീണ്ടും അങ്ങനെ തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
എന്തായാലും കണ്ടംപ്റ്റ് ഓഫ് കോർട്ട് വന്നപ്പോൾ ഞാൻ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയും ആയിട്ടാണ് മാർക്സിസ്റ്റുകാർ സുപ്രീംകോടതിയിൽ കണ്ടംപ്റ്റ് ഓഫ് കോർട്ട് നടത്തിയത്. ഞാൻ വെറുതേ പറഞ്ഞതാണെങ്കിലും വെറുതേ അല്ല ആത്മാർത്ഥമായി പറഞ്ഞതാണ്. പക്ഷേ എന്നെ കണ്ടംപ്റ്റിൽ കുടുക്കുമെന്ന് ഒരു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
പക്ഷേ ഭഗവാന്‍റെ നിശ്ചയം. ഞാനും അദ്ദേഹവും ഒന്നിച്ച് കണ്ടംപ്റ്റ് ഓഫ് കോർട്ടിൽ പ്രതികളാകുമ്പോൾ അദ്ദേഹത്തിന് ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നു എന്നതാണ് വസ്തുത. ഞാനതാ പറഞ്ഞത് സ്ട്രാറ്റജിയാണ്. അത് എങ്ങനെ പോകുമെന്ന് കാണാം. നാളെ മീഡിയകൾ പറയുന്നത് അനുസരിച്ചിട്ട് നമ്മുടെ ഭാഗധേയം നിർണ്ണയിക്കേണ്ടവരല്ല നമ്മൾ."
ഈ പ്രസംഗത്തിലെ സുവര്‍ണാവസര പരാമര്‍ശത്തിനാണ് ഇന്ന് ശ്രീധരന്‍പിള്ള വിശദീകരണവുമായെത്തിയത്.എന്നാല്‍ ശ്രീധരൻ പിള്ളയുടെ പ്രസംഗം മാധ്യമങ്ങൾക്ക് അന്ന് ചോര്‍ത്തി നൽകിയത് സ്വന്തം പാർട്ടിയിൽ തന്നെയുള്ളവരെന്ന് ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്ത രമേശ് ചെന്നിത്തല പറഞ്ഞു.പാർട്ടിയിൽ തന്നെയാണ് അദ്ദേഹത്തിന് ബന്ധുക്കളും ശത്രുക്കളും ഏറെയുള്ളതെന്നും ചെന്നിത്തല പറഞ്ഞു.