ദേശീയ പാതാ വികസനം: അട്ടിമറിച്ചത് ബിജെപിയെന്ന വെളിപ്പെടുത്തലുമായി തോമസ് ഐസക്

Published : May 06, 2019, 12:12 PM ISTUpdated : May 06, 2019, 04:28 PM IST
ദേശീയ പാതാ വികസനം: അട്ടിമറിച്ചത് ബിജെപിയെന്ന വെളിപ്പെടുത്തലുമായി തോമസ് ഐസക്

Synopsis

എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് കത്തയച്ചു. ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് ആരോപണം

തിരുവനന്തപുരം: ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയെന്ന് തോമസ് ഐസക്ക്. ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് കത്തയച്ചു. ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് ആരോപണം. ശ്രീധരന്‍ പിള്ള നല്‍കിയ കത്തിന്‍റെ പകര്‍പ്പും തോമസ് ഐസക് ഫെയ്സ് ബുക്കില്‍ പോസ്റ്റുചെയ്തു.

ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻറെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻറെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻറെ ഭാവി വികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

ഈ സർക്കാരിൻറെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻറെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.


2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–-കളിയിക്കാവിള റോ‌ഡ‌ും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.


വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിന‌ും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.

നവകേരളത്തിന്‍റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻറെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുഞ്ഞുമക്കൾ വിലക്കിയിട്ടും കേട്ടില്ല, അവരുടെ കണ്‍മുന്നിൽ അച്ഛൻ എരിഞ്ഞടങ്ങി; നാല് ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ
കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'