ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം തുടരുന്നു, പ്രതിരോധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും

By Web TeamFirst Published Feb 23, 2021, 6:56 AM IST
Highlights

പിഎസ്‍സി വിവാദത്തിൽ യുവാക്കൾക്കിടയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് യുവജന പ്രസ്ഥാനത്തെ മുന്നിൽ നിർത്തി സിപിഎം പ്രചാരണം തുടങ്ങുന്നത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാരസമരം തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള മനു സോമൻ, ബിനീഷ് എന്നിവരും ഒപ്പം മറ്റൊരു ഉദ്യോഗാര്‍ത്ഥിയുടെ ബന്ധുവായ ഋജുവുമാണ് നിരാഹാര സമരത്തിലുള്ളത്. വിവാദ വിഷയത്തിൽ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാനാണ് ഡിവൈഎഫ്ഐയുടെ ശ്രമം.  ഈ സർക്കാരിന്റെ കാലയളവിൽ ജോലി കിട്ടിയവരെ ഡിവൈഎഫ്ഐയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ആദരിക്കും. ജില്ലാ തലത്തിലും യോഗങ്ങൾ സംഘടിപ്പിക്കും. 28 ന് മുഖ്യമന്ത്രിയാണ് ജില്ലാ തല പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലെ രാത്രി ഏഴ് മണി മുതല്‍ പിഎസ്‌സി ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടങ്ങിയത്. ഇതൊടൊപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, നുസൂർ, റിജിൽ മാക്കുറ്റി എന്നിവരുടെ നിരാഹാര സമരവും തുടരുകയാണ്. 

പിഎസ്‍സി വിവാദത്തിൽ യുവാക്കൾക്കിടയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് യുവജന പ്രസ്ഥാനത്തെ മുന്നിൽ നിർത്തി സിപിഎം പ്രചാരണം തുടങ്ങുന്നത്. മേഖല കേന്ദ്രങ്ങൾ തിരിച്ചുള്ള ഡിവൈഎഫ്ഐയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ഈ സർക്കാരിന്റെ കാലത്ത് നിയമനം കിട്ടിയവരെ ആദരിക്കും. അഞ്ചു വർഷത്തെ നിയമനക്കണക്ക് അക്കമിട്ട് നിരത്തും. 28 ന് ശംഖുമുഖത്ത് മുഖ്യമന്ത്രി നേരിട്ടെത്തുന്ന യുവമഹാ സംഗമവും നടക്കും.

സമരത്തിലുള്ള ഉദ്യോഗാർത്ഥികളുമായി ഡിവൈഎഫ്ഐ നടത്തിയ മധ്യസ്ഥ ശ്രമം നേരത്തേ പരാജയപ്പെട്ടിരുന്നു. ഇതിനെ വിജയിച്ച ചർച്ചകളെ കൊണ്ട് പ്രതിരോധം തീർക്കാനുള്ള ശ്രമവും സജീവം. ഡിവൈഎഫ്ഐ മുൻകൈയെടുത്ത ചർച്ചയിലൂടെ കാലാവധി നീട്ടിയ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ സർക്കാരിന് നന്ദിയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

click me!