
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്കുള്ള പിഎസ്എസിയുടെ വിവാദ റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു. സുപ്രീംകോടതിയുടെ നിലവിലെ നിർദ്ദേശങ്ങൾ മറികടന്ന് അഭിമുഖ പരീക്ഷയിൽ ഇടത് സംഘടനാ നേതാക്കൾക്ക് മാർക്ക് ദാനം നടത്തിയത് വിവാദമായിരുന്നു. ക്രമക്കേട് നടന്നതിന്‍റ തെളിവാണ് ട്രൈബ്യൂണൽ ഇടപെടലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ആസൂത്രണ ബോർഡിലെക്ക് പിഎസ്‍സി നടത്തിയ ചീഫ് സോഷ്യൽ സർവ്വീസ്, ചീഫ് ഡീസെന്‍ട്രലൈസ്ഡ് പ്ലാനിംഗ് തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഇടപെടൽ. ഈ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷയിൽ പിന്നിൽ പോയ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ ചട്ടം ലംഘിച്ച് മാർക്ക് നൽകിയത് വിവാദമായിരുന്നു.
എഴുപത് ശതമാനം മാർക്കിൽ കൂടുതൽ നൽകരുതെന്ന സുപ്രീംകോടതി മാർഗനിർദ്ദേശം കാറ്റിൽ പറത്തി ഇടത് സംഘടനാ പ്രവർത്തകരായ ഉദ്യോഗാർത്ഥികൾക്ക് 95 ശതമാനം വരെ മാർക്ക് നൽകിയെന്നായിരുന്നു പരാതി. റാങ്ക് പട്ടികയിൽ പിന്നിൽപോയവരുടെ പരാതി കണക്കിലെടുത്താണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നടപടി.
പിഎസ്‍സി നടപടി പ്രക്രിയ വിശദീകരിക്കണമെന്നും ട്രൈബ്യൂണൽ അനുമതി ഇല്ലാതെ തുടർനടപടികളെടുക്കരുതെന്നുമാണ് നിർദ്ദേശം. അതേസമയം അഭിമുഖ മാർക്ക് സംബന്ധിച്ച് സുപ്രീംകോടതി മാർഗനിർദ്ദേശം ഉയർന്ന തസ്തികകളിൽ ബാധകമല്ലെന്നായിരുന്നു പിഎസ്എസിയുടെ ആദ്യ വിശദീകരണം.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഇടപെടല്‍ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. ക്രമക്കേട് നടന്നതിന്‍റ വ്യക്തമായ തെളിവാണ് ട്രൈബ്യൂണൽ ഇടപെടലിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മാധ്യമ വാര്‍ത്തകളും പ്രതിപക്ഷ ആരോപണവും ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam