നിരാഹാര സമരം; ഷാഫിയുടെയും ശബരിനാഥന്റെയും ആരോ​ഗ്യനില മോശം; ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മെഡിക്കൽ സംഘം

By Web TeamFirst Published Feb 22, 2021, 4:41 PM IST
Highlights

ഇരുവരുടെയും ഷുഗർ ലെവൽ അപകടകരമായ നിലയിലേക്ക് കുറയുകയാണ്. കടുത്ത നിർജലീകരണവും ഉണ്ട്.  ഇരുവരെയും  എത്രയും വേ​ഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. 

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന എംഎൽഎമാരായ ഷാഫി പറമ്പിലിനെയും കെ എസ് ശബരീനാഥനെയും മെഡിക്കൽ സംഘം പരിശോധിച്ചു. ഇരുവരുടെയും ഷുഗർ ലെവൽ അപകടകരമായ നിലയിലേക്ക് കുറയുകയാണ്. കടുത്ത നിർജലീകരണവും ഉണ്ട്.  ഇരുവരെയും  എത്രയും വേ​ഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ആരോഗ്യ നില വഷളായ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറണമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇരുവരും അത് അവ​ഗണിക്കുകയായിരുന്നു. 

അതേസമയം, നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാരില്‍ നിന്ന് ഇന്ന് ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ. സർക്കാർ നൽകിയ ഉറപ്പുകൾ ഉത്തരവായി ഇറങ്ങുമെന്നാണ് ഇവരുടെ പ്രതീക്ഷ. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചർച്ച തൃപ്തികരമായിരുന്നുവെന്നും, ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കിൽ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്നാണ് സമരക്കാർ പറയുന്നത്. 

ചർച്ചക്ക് ശേഷവും സിപിഒ, എൽജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സമരം തുടരുകയാണ്. പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 28 ദിവസം പിന്നിട്ടു. 14 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. സമരക്കാർ നൽകിയ ഉറപ്പുകൾ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. മറിച്ചായാൽ ചൊവ്വാഴ്ച മുതൽ സമരം ശക്തമാക്കും.

click me!