
കൊച്ചി: മലയാള സിനിമയെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൻ്റെ നാൾവഴികളിൽ, നിയമപോരാട്ടത്തിന് തുടക്കമിടുകയും വഴിത്തിരിവുകളിലേക്ക് നയിക്കുകയും ചെയ്ത രണ്ട് വ്യക്തിത്വങ്ങളാണ് മുൻ എംഎൽഎ പിടി തോമസും സംവിധായകൻ ബാലചന്ദ്രകുമാറും. ഇന്ന് ഈ കേസിൽ വിധി വരാനിരിക്കുമ്പോൾ, ഇരുവരും ഈ ലോകത്തില്ല. നിയമനടപടികളിലേക്ക് കേസിനെ എത്തിക്കുകയും പ്രാഥമികഘട്ടത്തിൽ പ്രതികൾ കൈയകലത്തിലെത്തിയെന്ന് ഉറപ്പിക്കുകയും ചെയ്തത് പി.ടി. തോമസിൻ്റെ അപ്രതീക്ഷിത ഇടപെടലായിരുന്നു. എന്നാൽ, കേസ് വഴിമുട്ടി നിൽക്കുമ്പോൾ നിർണായകമായ ഡിജിറ്റൽ തെളിവുകൾ സഹിതം രംഗപ്രവേശം ചെയ്തത് ബാലചന്ദ്രകുമാറാണ്.
മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞൊരു രാഷ്ട്രീയ നേതാവിൻ്റെ ഇടപെടലുകൾ കൂടിയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൻ്റെ നാൾവഴികളിൽ നിർണായകമായത്. ആരും അറിയാതെ പോകുമായിരുന്ന ആ ക്രൂരകുറ്റകൃത്യം നിയമവഴിയിലെത്തിയത് തൃക്കാക്കര മുൻ എം.എൽ.എ. പി.ടി. തോമസിന്റെ ഇടപെടൽ മൂലമാണ്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17-ന് രാത്രി 11.30-നാണ് തൃക്കാക്കര എം.എൽ.എ. ആയിരുന്ന പി.ടി. തോമസിൻ്റെ ഫോണിലേക്ക് സിനിമാ നിർമ്മാതാവ് ആൻ്റോ ജോസഫിൻ്റെ വിളി എത്തുന്നത്. ഉടൻ നടൻ ലാലിൻ്റെ വീട്ടിലേക്ക് എത്തണമെന്നായിരുന്നു സന്ദേശം.
പിടി തോമസും ആൻ്റോ ജോസഫും ലാലിൻ്റെ വീട്ടിലെത്തുമ്പോൾ ലാലും അതിജീവിതയും ഒരുമിച്ചുണ്ടായിരുന്നു. വീടിന് പുറത്തെ കസേരയിൽ അതിജീവിതയുടെ ഡ്രൈവറായിരുന്ന മാർട്ടിനും ഉണ്ടായിരുന്നു. വീട്ടിൽ നടന്ന കാര്യങ്ങൾ ലാൽ പിടിയോടും ആൻ്റോയോടും വിവരിച്ചു. ഒപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും അന്നത്തെ ഐ.ജി. വിജയനും ലാലിൻ്റെ വിളികളെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് നടന്നത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമായി. പ്രതികൾ കൈയകലത്തിലുണ്ടെന്നായിരുന്നു നിഗമനം. ഇതിനിടെ, ഡ്രൈവർ മാർട്ടിൻ്റെ നീക്കങ്ങളിലും പി.ടി. തോമസ് പോലീസിനോട് സംശയം പങ്കുവെച്ചു. പിന്നീട് കാലം ഈ സംശയം ശരിയാണെന്ന് തെളിയിച്ചു.
പ്രതിപക്ഷ നിരയിലായിരുന്ന പി.ടി. തോമസ് അതിജീവിതയ്ക്കായി നിരന്തരം ശബ്ദമുയർത്തി. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെ അതിരൂക്ഷമായി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. പ്രതി കൊച്ചി വിട്ടില്ലെന്ന് അറിഞ്ഞിട്ടും പോലീസ് ആദ്യ മണിക്കൂറിൽ അനങ്ങാതിരുന്നത് പി.ടി. തോമസ് പുറംലോകത്തോട് വിളിച്ചുപറഞ്ഞു. 2021-ൽ അർബുദത്തോടുള്ള പോരാട്ടത്തിൽ വിടവാങ്ങും വരെയും ആ ശബ്ദം നിലകൊണ്ടു. കേസിന് വഴിത്തിരിവായ ഡിജിറ്റൽ തെളിവുകൾ നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും അപ്രതീക്ഷിത വഴിത്തിരിവായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ ഉയർത്തിയ ആരോപണങ്ങളും മുന്നോട്ടുവെച്ച തെളിവുകളും. ദിലീപിനെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് ലഭിച്ച പിടിവള്ളിയായിരുന്നു ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സംഭാഷണങ്ങൾ. നടി ആക്രമിക്കപ്പെടുന്ന വീഡിയോ 2017 നവംബർ 15-ന് ദിലീപ് ആലുവയിലെ തൻ്റെ വീട്ടിൽ വെച്ച് കണ്ടെന്ന ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്. ദിലീപിനെ അറസ്റ്റ് ചെയ്ത് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചശേഷവും കാര്യമായ തെളിവില്ലാതെ ആശയക്കുഴപ്പത്തിലായിരുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്കായിരുന്നു 2021 ഡിസംബറോടെ ബാലചന്ദ്രകുമാറിൻ്റെ രംഗപ്രവേശം. അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ളവരുമായുള്ള ദിലീപിൻ്റെ ബന്ധം, ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വി.ഐ.പി.യുടെ ഇടപെടൽ, കാവ്യാ മാധവൻ അടക്കമുള്ള കുടുംബാംഗങ്ങൾക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ആരോപണം തുടങ്ങി ബാലചന്ദ്രകുമാർ നൽകിയ വിവരങ്ങൾ അന്വേഷണ സംഘം തെളിവുകളാക്കി.
ഈ ഡിജിറ്റൽ തെളിവുകളും സംഭാഷണങ്ങളുടെ റെക്കോർഡുകളും കോടതിയിൽ നിർണായകമായി. ഇതിനെ തുടർന്ന് അന്വേഷണ സംഘം അധിക കുറ്റപത്രം സമർപ്പിച്ചു. ദിലീപ് തന്നെ ഇല്ലാതാക്കുമെന്ന് ഭയന്നാണ് വെളിപ്പെടുത്താൻ വൈകിയതെന്നായിരുന്നു തനിക്കെതിരായ ആരോപണങ്ങൾക്ക് ബാലചന്ദ്രകുമാർ നൽകിയ മറുപടി. വിചാരണ ഘട്ടമായപ്പോഴേക്കും കരൾ രോഗം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. എന്നിട്ടും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്തെ കോടതിയിൽ തുടർച്ചയായി നാൽപ്പത് ദിവസം അദ്ദേഹം വിചാരണയുടെ ഭാഗമായി. എന്നാൽ, കേസിൻ്റെ വിചാരണ പൂർത്തിയായി വിധി വരും മുമ്പ് 2024 ഡിസംബർ 13-ന് ബാലചന്ദ്രകുമാർ ഈ ലോകത്തോട് വിടചൊല്ലി. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുറ്റകൃത്യത്തിൻ്റെ ചരിത്രത്തിൽ നിര്‍ണായക വിധി എത്തിയിരിക്കുകയാണ്. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അതേസമയം തന്നെ ദിലീപടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam