
കൊല്ലം: കരുനാഗപ്പള്ളിയിൽ വിഭാഗീയതയെ തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയ പ്രശ്നങ്ങൾ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികൾ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ .തീരുമാനം. അതിനിടെ സേവ് സിപിഎം എന്ന പേരിൽ കരുനാഗപ്പള്ളിയിൽ നേതാക്കൾക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി
സിപിഎം കരുനാഗപ്പള്ളി എരിയ കമ്മിറ്റിക്ക് കീഴിലെ മിക്ക ലോക്കൽ സമ്മേനങ്ങളും വിഭാഗീയ പ്രശ്നങ്ങൾ കാരണം കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇന്നലെ കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവും ആലപ്പാട് നോർത്ത് സമ്മേളനവും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നതോടെയായിരുന്നു തർക്കം. സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, കെ. സോമപ്രസാദ് എന്നിവർക്കെതിരെയും ഒരു വിഭാഗം മുദ്രാവാക്യം ഉയർത്തിയിരുന്നു. ലോക്കൽ സമ്മേളനങ്ങളിലെ പോർവിളി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ, ഇതിൽ നേതൃത്വം അതൃപ്തിയിലാണ്.
എന്നാൽ സമ്മേളനങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ല. പരാതികൾ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കും. അതിനിടെ, സേവ് സിപിഎം എന്ന പേരിൽ കരുനാഗപ്പള്ളിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രാദേശിക സിപിഎം നേതാക്കൾക്കും, തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കും എതിരെയാണ് പോസ്റ്ററുകൾ. ജില്ലാ കമ്മിറ്റി അംഗം പി.ആർ. വസന്തനെതിരെയും ആരോപണങ്ങൾ ഉണ്ട്. പ്രതിഷേധങ്ങൾക്കിടയിലും മുഴുവൻ ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കി. ഡിസംബർ രണ്ടിന് കരുനാഗപ്പള്ളി ഏരിയ സമ്മേളനം തുടങ്ങും. വിഭാഗീയതയും പ്രതിഷേധങ്ങളും ഏരിയ സമ്മേളനത്തിലേക്കും വ്യപിക്കാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam