
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നടക്കുന്ന കോട്ടയം ബസേലിയോസ് കോളജില്‍ ഉദ്യോഗസ്ഥരും കൗണ്ടിങ് ഏജൻറുമാരും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ എത്തിതുടങ്ങുന്നതിന് മുന്‍പെ തന്നെ ആലുവയില്‍നിന്ന് ഒരു അബൂബക്കറെത്തി. തികഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബൂബക്കര്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് വളരെ നേരത്തെ തന്നെ ബസേലിയോസ് കോളജിലെത്തുകയായിരുന്നു,. ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയില്‍ ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അബൂബക്കര്‍. ഇത്തരത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൗണ്ടിങ് ഏജൻറുമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എത്തുന്നതിന് മുന്‍പെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ആവേശത്തോടെ എത്തുന്നത്.
ആലുവയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ 3.30നാണ് പുറപ്പെട്ടതെന്നും ഇത് മൂന്നാം തവണയാണ് വരുന്നതെന്നും അബൂബക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും പുതുപ്പള്ളിയോടും ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന അബൂബക്കര്‍ ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അഭിപ്രായപ്പെട്ടു. കോട്ടയത്തിന് പുറത്തുനിന്നുള്ള വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തികൊണ്ടിരിക്കുന്നത്. സ്ട്രോങ് റൂം ഉള്‍പ്പെടെ തുറക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിരവധി പേരാണ് ബസേലിയോസ് കോളജിന് മുന്നില്‍ കാത്തുനില്‍ക്കുന്നത്. വോട്ടെണ്ണലിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് പതാകകളും ചാണ്ടി ഉമ്മന്‍റെ ചിത്രങ്ങളും കൈകളിലേന്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു തുടങ്ങിയിരിക്കുകയാണ്.
വീഡിയോ സ്റ്റോറി കാണാം...
Read More: നിയമസഭയിൽ ഇനി നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ, റെക്കോർഡ് ഭൂരിപക്ഷം ഉറപ്പ്: തിരുവഞ്ചൂർ
Read More: പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മന്‍; പുതുപ്പള്ളി പള്ളിയും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ചു