'ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍വെച്ച്', താന്‍ വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

By Web TeamFirst Published Jul 14, 2022, 10:47 AM IST
Highlights

ഹാഷ് വാല്യൂവിൽ മാറ്റം വന്നതെങ്ങനെയെന്ന് തനിക്കറിയില്ല. താൻ വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും പ്രതീക്ഷ് കുറുപ്പ് പറഞ്ഞു. 

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒരു പെന്‍ഡ്രൈവ് ലാപ്ടോപ്പില്‍ കുത്തി  ജഡ്ജിയുടെ മുന്നില്‍വെച്ചാണ് കണ്ടതെന്ന്  പൾസർ സുനിയുടെ അഭിഭാഷകൻ വി വി പ്രതീഷ് കുറുപ്പ്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യൂവിൽ മാറ്റം വന്നതെങ്ങനെയെന്ന് തനിക്കറിയില്ല. താൻ വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും പ്രതീക്ഷ് കുറുപ്പ് പറഞ്ഞു. 

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറൻസിക് പരിശോധനാ ഫലം.  2021 ജൂലൈ  19 നാണ് അവസാനമായി മെമ്മറി കാര്‍ഡ് പരിശോധിച്ചിരിക്കുന്നത്. ആ ദിവസം ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്ത് ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് തുറന്നത്. 2018 ജനുവരി 9 നാണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേദിവസം രാത്രി 9.58 ന് ഒരു കംപ്യൂട്ടറിലിട്ടാണ് മെമ്മറി കാ‍ർഡ്  പരിശോധിച്ചിരിക്കുന്നത്. 2018 ഡിസംബർ 13 നാണ്  ഹാഷ് വാല്യൂ പിന്നീട് മാറിയത്. 

എട്ട് വീഡിയോ ഫയലുകൾ ഉണ്ടായിരുന്നു. വാട്സ് ആപ്, ടെലിഗ്രാം അടക്കമുളള സാമൂഹ്യമാധ്യമ ആപ്പുകളും ഈ സമയം ഫോണിൽ ഇൻസ്റ്റാള്‍  ചെയ്തിരുന്നെന്നും റിപ്പോർട്ടിലുണ്ട്. പ്രോസിക്യൂഷൻ നിഗമനമനുസരിച്ച് ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവിൽ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്. രാത്രി സമയങ്ങളിൽ പോലും മെമ്മറി കാ‍ർഡ് തുറന്ന് പരിശോധിച്ചതാരാണ് എന്നാണ് സംശയം ഉയരുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ ഹാഷ്യൂ വാല്യു മാറിയ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്.

 
 

click me!