
തൊടുപുഴ : ന്യൂമാൻ കോളേജ് കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫസർ ടി ജെ ജോസഫ്. പ്രതികൾ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാൽ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ലെന്നും ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങൾ മാത്രമാണെന്നും തീരുമാനമെടുത്തവർ ഇന്നും കാണാമറയത്താണെന്നും പ്രൊഫ. ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ശിക്ഷാ വിധി വരുമ്പോൾ, സാധാരണ പൌരനെ പോലെയുള്ള കൌതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാണ്. പിന്നിൽ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫ. ടി ജെ ജോസഫിന്റെ വാക്കുകൾ
'2015 ൽ ആദ്യഘട്ട വിധി വന്നപ്പോൾ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. പ്രതികളെ ശിക്ഷിക്കുന്നതിൽ ഉത്ക്കണ്ഠയില്ല. സാധാരണ പൌരനെ പോലെ കൌതുകമേയുള്ളു. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നുവെന്ന് മാത്രം. പ്രതികളെ ശിക്ഷിച്ചതിൽ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. പ്രതികളും എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവരെന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളിൽ നിന്നും എല്ലാവർക്കും മോചനം ലഭിക്കണം. പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവർത്തികൾ മാത്രമാണ്. ഇതിനെല്ലാം നിർദ്ദേശിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ അവരെ പിടിക്കാൻ സാധിച്ചിട്ടില്ല. അവരെല്ലാം കാണാ മറയത്താണ്. ആരും എന്റെ ജീവിതം തകർത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങൾ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈവെട്ട് കേസ് ശിക്ഷാ വിധിക്ക് ശേഷം, പ്രൊഫ. ജോസഫ് പ്രതികരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam