
അമൃത്സർ: മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക് ഡൗൺ സംസ്ഥാനത്ത് രണ്ടാഴ്ച കൂടി നീട്ടി പഞ്ചാബ് സർക്കാർ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂട്ടി നീട്ടാൻ തീരുമാനിച്ച കാര്യം അറിയിച്ചത്. ലോക്ക് ഡൗണിൽ ദിവസവും രാവിലെ ഏഴു മണി മുതൽ പതിനൊന്ന് മണിവരെയുള്ള നാല് മണിക്കൂർ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും.
ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ നിന്നുള്ള തീരുമാനം വരുന്നതിന് മുൻപേയാണ് കൊവിഡ് മുൻകരുതലിൻ്റെ ഭാഗമായി ലോക്ക് ഡൗൺ നീട്ടുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലോക്ക് ഡൗൺ ഇതേ നിലയിൽ കർശനമായി തുടരില്ലെന്നും എന്നാൽ രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ ഇളവുകൾ നൽകേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.
ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് നേരത്തെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സൂചന നൽകിയിരുന്നു. കൊവിഡ് ഗുരുതരമായി ബാധിച്ച ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ഇതേ നിലയിലാണ് ചിന്തിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam