മന്ത്രി ജി സുധാകരനെതിരായ പരാതി; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു

By Web TeamFirst Published Apr 19, 2021, 10:26 AM IST
Highlights

പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തിൽ പങ്കെടുക്കും

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ അനുനയ നീക്കം ശക്തം. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല. പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റി ഓഫീസിൽ ഉച്ചയ്ക്കുശേഷമാണ് യോഗം. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം. അതേസമയം ജി സുധാകരനെതിരായ പരാതിയിൽ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി.

ലോക്കൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി ഇന്നലെ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ  കോടതിയെ സമീപിക്കാനാണ് തീരുമാനം. പൊലീസ് നടപടി എടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പലപ്പുഴ, ആലപ്പുഴ സ്റ്റേഷനുകളിൽ പരാതി തട്ടി കളിക്കുകയാണെന്നുമാണ് ആക്ഷേപം. ഇതേ തുടർന്നാണ് മന്ത്രിക്കെതിരെ കേസ് എടുക്കണം എന്ന ആവശ്യവുമായി പരാതിക്കാരി ജില്ലാ പൊലീസ് മേധാവി യെ സമീപിച്ചത്. അനുകൂല തീരുമാനം ഉണ്ടയില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനാണ് ഇവരുടെ തീരുമാനം. 

സ്ഥാനാർഥി നിർണയത്തിനു ശേഷം ആലപ്പുഴയിൽ രൂക്ഷമായ വിഭാഗീയതയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. സിപിഎമ്മിലെ തമ്മിലടി അവർ തന്നെ തീർക്കട്ടെയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. മന്ത്രിക്കെതിരായ പരാതിയിൽ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും എന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു. 

click me!