
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ കൊവിഡിന്‍റെ തുടക്കത്തില്‍ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ സാൻ ഫാര്‍മ (San Pharma) എന്ന തട്ടിക്കൂട്ട് സ്ഥാപനവുമായി കെഎംഎസ്‍സിഎല്‍ (KMSCL) നടത്തിയ ഇമെയിലുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഉന്നതതല യോഗത്തിന് ശേഷമാണ് മൂന്നിരട്ടി വിലയുള്ള പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദം പൊളിക്കുന്നതാണ് ഇ മെയിലുകൾ. മഹാരാഷ്ട്രയിലെ ആര്‍ക്കുമറിയാത്ത തട്ടിക്കൂട്ട് സ്ഥാപനമായ സാൻ ഫാര്‍മയെ കെഎംഎസ്‍സിഎല്‍ അങ്ങോട്ട് മെയില്‍ അയച്ച് ക്ഷണിക്കുകയായിരുന്നു.
മാര്‍ച്ച് 29 ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വില എത്രയായാലും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കൂട്ടുക എന്ന തീരുമാനമെടുത്തത് എന്നാണ് ഫെബ്രുവരി 24ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 28ന് തന്നെ, അതായത് യോഗം നടക്കുന്നതിന്‍റെ തലേദിവസം തന്നെ മൂന്നിരട്ടി വിലയ്ക്ക് സാന്‍ഫാര്‍മയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ധാരണയായി എന്ന് തെളിയികുന്ന ഇ മെയില്‍ ആണിത്. പര്‍ച്ചേസ് ഓര്‍ഡര്‍ അയക്കാനുള്ള മേല്‍വിലാസം ചോദിച്ചുള്ള ഇ മെയില്‍ കെഎംഎസ്‍സിഎല്ലില്‍ നിന്ന് സാൻ ഫാര്‍മയ്ക്ക് അയച്ചു കൊടുക്കുന്നത് 2020 മാര്‍ച്ച് മാസം 28ന്. മുഖ്യമന്ത്രി പറഞ്ഞ ഉന്നതതല യോഗത്തിന്‍റെ തലേ ദിവസം തന്നെ ആര്‍ക്കുമറിയാത്ത മഹാരാഷ്ട്രയിലെ തട്ടിക്കൂട്ട് സ്ഥാപനവുമായി ആരോ കരാറില്‍ എത്തി എന്ന് വ്യക്തം.
കെഎംഎസ്‍സിഎലിലെ നോട്ട് ഫയലുകള്‍ അനുസരിച്ച് 550 രൂപയ്ക്ക് കേരളത്തില്‍ നിര്‍മിക്കുന്ന കെയ്റോണ്‍ എന്ന സ്ഥാപനത്തിന്‍റെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തത് 2020 മാര്‍ച്ച് മാസം 29ന് ആണ്. അതിന് തൊട്ടടുത്ത ദിവമാണ് 1,550 രൂപയ്ക്ക് തട്ടിക്കൂട്ട് സ്ഥാപനമായ സാൻ ഫാര്‍മയ്ക്ക് 1,550 രൂപയ്ക്ക് ഓര്‍ഡര്‍ കൊടുത്തത്. കെഎംഎസ്‍സിഎല്ലിന്‍റെ ഫയലില്‍ പറയുന്നത് 2020 മാര്‍ച്ച് 29-ാം തീയ്യതി ഈ മെയില്‍ വഴി സാൻ ഫാര്‍മയില്‍ നിന്ന് ഓഫര്‍ കിട്ടി എന്നാണ്. എന്നാല്‍ കെഎംഎസ്‍സിഎല്ലില്‍ നിന്ന് സാ ഫാര്‍മയ്ക്ക് അങ്ങോട്ടാണ് മെയില്‍ പോയിരിക്കുന്നത്. 29ന് മെയില്‍ വഴി ഓഫര്‍ കിട്ടി എന്ന് പറയുന്ന സാന്‍ഫാര്‍മയെ ആരാണ് ഇവിടേക്ക് എത്തിച്ചത് എന്നതാണ് ചോദ്യം.
ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനിക്കും മുമ്പ് തന്നെ സാൻ ഫാര്‍മയ്ക്ക് വേണ്ടി കരുക്കള്‍ നീക്കിയത് ആരാണ്..? 550 രൂപയ്ക്ക് കേരളത്തില്‍ കിട്ടിയിരുന്ന പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1,550 രൂപ കൊടുത്ത് തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് വാങ്ങാനുള്ള ഗൂഢാലോചനയാണ് പുറത്തുവരേണ്ടത്. എല്ലാം അന്വേഷിക്കുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ധനകാര്യ വിഭാഗത്തിന്‍റെ അന്വേഷണം എന്തായി?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam