'പുതുജീവൻ മാനസികാരോഗ്യ കേന്ദ്രം ഉടൻ പൂട്ടില്ല', അന്തേവാസികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് കളക്ടര്‍

By Web TeamFirst Published Mar 5, 2020, 5:48 PM IST
Highlights

നിലവിൽ അന്തേവാസികളെ വീടുകളിലേക്ക് മടക്കിവിടാൻ സ്ഥാപനത്തോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പുതുജീവനെതിരെ എന്തെങ്കിലും നടപടികളിലേക്ക് കടക്കുന്നത് ഹിയറിംഗിന് ശേഷമായിരിക്കുമെന്നും കളക്ടര്‍

കോട്ടയം: ചങ്ങനാശേരി പുതുജീവൻ മാനസികാരോഗ്യ കേന്ദ്രം ഉടൻ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബു. സ്ഥാപനത്തിലെ അന്തേവാസികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ഒരാഴ്ചയ്ക്കകം ഹിയറിംങ് നടത്തി പുതുജീവൻ ട്രസ്റ്റ് ഭാരവാഹികൾക്ക് പറയാനുള്ളത് കേൾക്കുമെന്നും കളക്ടർ വ്യക്തമാക്കി. സംസ്ഥാനത്ത് മെന്‍റൽ ഹെൽത്ത് കെയർ അതോറിറ്റി പൂർണ്ണതോതിൽ പ്രവർത്തന സജ്ജമല്ലെന്നും കളക്ർ പറഞ്ഞു.

സംസ്ഥാന മെന്‍റൽ ഹെൽത്ത് കെയർ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റ് മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് ഉടൻ അടച്ചുപൂട്ടാനാകില്ലെന്നാണ് കോട്ടയം ജില്ലാ കളക്ടർ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മെന്‍റൽ ഹെൽത്ത് കെയർ അതോറിറ്റി പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകാത്തതാണ് ഇതിന് കാരണം. 2019 ൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ സ്ഥാപനം വീണ്ടും അപേക്ഷ നൽകിയിരുന്നു. സംസ്ഥാനത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിനും കൃത്യമായ ലൈസൻസില്ല. ഈ മാസം പകുതിയോടെ മാത്രമേ അതോറിറ്റി പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകു. അതിനാൽ നിയപരമായി പുതുജീവൻ ഉടൻ പൂട്ടാനാകില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 

മാത്രവുമല്ല പൂട്ടാൻ തീരുമാനിച്ചാൽ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കേണ്ടി വരും. നിലവിൽ അന്തേവാസികളെ വീടുകളിലേക്ക് മടക്കിവിടാൻ സ്ഥാപനത്തോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പുതുജീവനെതിരെ എന്തെങ്കിലും നടപടികളിലേക്ക് കടക്കുന്നത് ഹിയറിംഗിന് ശേഷമായിരിക്കുമെന്നും കോട്ടയം ജില്ലാ കളക്ടർ വ്യക്തമാക്കി.

click me!