
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്‍റെ വോട്ടുകളില്‍ വന്ന കുറവ് വഴി തുറന്നിടുന്നത് വലിയ ചര്‍ച്ചകള്‍ക്ക്. 2021 തെരഞ്ഞെടുപ്പില്‍ ജെയ്ക്ക് നേടിയ വോട്ടുകള്‍ എവിടെ പോയി എന്നുള്ളതാണ് പ്രധാന ചോദ്യം. കേരള രാഷ്ട്രീയത്തിലെ തന്നെ അതികായനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക്ക് 54,328 വോട്ടുകളാണ് 2021ല്‍ നേടിയത്. 2023ല്‍ എത്തിയപ്പോള്‍ അതില്‍ പതിനായിരത്തിലേറെ വോട്ടുകളുടെ കുറവാണ് വന്നത്.
വികസനവും സഹതാപവും വിശ്വാസവും നിറഞ്ഞു നിന്ന പുതുപ്പള്ളിയില്‍ എവിടെയാണ് ജെയ്ക്കിന് പിഴച്ചതെന്ന ചോദ്യം ഉയരുമ്പോള്‍ സഭാ നിലപാടുകളും ചര്‍ച്ചയാകുന്നുണ്ട്. സമുദായ വോട്ടുകള്‍ക്ക് വലിയ പ്രാധാന്യമുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഓര്‍ത്തഡോക്‌സ്, യാക്കോബായ എന്നീ പ്രബല ക്രിസ്ത്യൻ വിഭാഗങ്ങള്‍ വിധി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ചരിത്രവും പുതുപ്പള്ളിക്കുണ്ട്. ചാണ്ടി ഉമ്മനും ജെയ്ക്കും സഭയുടെ മക്കളാണെന്ന ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് പറഞ്ഞത് പ്രചാരണ വേളയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.
രാഷ്ട്രീയ കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സഭ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സഭയ്ക്കുള്ളില്‍ തന്നെ മുറുമുറുപ്പും ഉണ്ടായി. ജെയ്ക്കിനെയും സഭയുടെ മകനാക്കിയ സഭാ ഭദ്രാസനാധിപനന്‍റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. ജെയ്ക്ക് മലങ്കര സഭയുടെ അംഗമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിരീശ്വരവാദിയാണെന്നും സഭയുടെ മുന്‍ ട്രസ്റ്റി എം ഒ ജോണ്‍ തുറന്നടിച്ചത് ഈ മുറുമുറുപ്പിനെ പുറത്ത് കൊണ്ട് വന്നു.
എന്നാല്‍, വിശ്വാസം ചര്‍ച്ച ചെയ്യാതെ വികസനം ചര്‍ച്ച ചെയ്യൂ എന്ന് അടിവരയിട്ടു കൊണ്ടാണ് ജെയ്ക്ക് ഇതിനെ നേരിട്ടത്. യാക്കോബായ വിഭാഗക്കാരനെന്ന നിലയില്‍ 2021ല്‍ യാക്കോബായ വോട്ടുകള്‍ ജെയ്ക്കിലേക്ക് കൂടുതലായി എത്തിയിരുന്നു. യുവസമൂഹത്തിന്‍റെ പിന്തുണയ്ക്കൊപ്പം ഉമ്മൻ ചാണ്ടിയെ വിറപ്പിക്കാൻ ജെയ്ക്കിനെ സഹായിച്ചതും ഈ വോട്ടുകളായിരുന്നു. ഇത്തവണയും ഈ വോട്ടുകളില്‍ വലിയ പ്രതീക്ഷ എല്‍ഡിഎഫിന് ഉണ്ടായിരുന്നു. എന്നാല്‍, ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ സഹതാപം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനത്തില്‍ ഈ പ്രതീക്ഷകള്‍ അവസ്ഥാനത്തായെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam