
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാൻ സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെ ജില്ലാ കമ്മറ്റി യോഗം ചേർന്ന ശേഷം കോട്ടയത്ത് നടക്കും.
ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്. ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചു. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും.
ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരായിരുന്നു പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്‍റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെയ്ക്കിന് അനുകൂല ഘടകമായി.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടി ഉണ്ടാക്കിയെടുത്ത വൈകാരിക പരിസരം മാറ്റിവച്ചാൽ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഎം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam