
കോട്ടയം: എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണെന്നും കെ സുധാകരൻ പറഞ്ഞു. എന്‍എസ്എസിന്റെ വോട്ട് കിട്ടില്ലെന്ന് സിപിഎമ്മിന് തന്നെ അറിയാമെന്ന് പറഞ്ഞ സുധാകരന്‍, ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്താണ് വേവലാതിയെന്നും ചോദിച്ചു.
മരിച്ചിട്ടും ഉമ്മൻചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് സിപിഎമ്മെന്ന് കെ സുധാകരൻ വിമര്‍ശിച്ചു. പുതുപ്പള്ളിയില്‍ പൂർണ്ണ ശുഭാപ്തി വിശ്വാസമാണ് ഉള്ളത്. ജനങ്ങളുടെ പൾസ് കോണ്‍ഗ്രസ് തൊട്ടറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാരിന്റെ കെടുകാര്യസ്ഥത വിലയിരുത്തപ്പെടുമെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തിനെതിരായ പൊതുയുദ്ധമായി തെരഞ്ഞെടുപ്പ് മാറരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പുതുപ്പള്ളിയിൽ ഒതുക്കി നിർത്താനാണ് സിപിഎം തന്ത്രം. ആ തന്ത്രം പൊളിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.
Also Read: എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്; ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി
അതിനിടെ, ഗണപതി വിവാദത്തിൽ എൻഎസ്എസിന്റെ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് സമദൂര നിലപാടാണെന്ന് പറയുമ്പോഴും വിവാദം പുതുപ്പള്ളിയിൽ പ്രതിഫലിക്കുമെന്ന് സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എൻഎസ്എസുമായി പിണക്കമില്ലെന്ന് പറഞ്ഞ് എം വി ഗോവിന്ദൻ വിവാദം തണുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് എൻ എസ്എസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്.