
കോട്ടയം: അരനൂറ്റാണ്ടിലേറെ പുതുപ്പള്ളി ജനതയുടെ ഹൃദയത്തിലേറി നിയമസഭയിലേക്ക് യാത്ര ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാകും. കേരളം കണ്ണീരണിഞ്ഞ ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്തക്ക് പിന്നാലെ പലരും ചോദിച്ച ചോദ്യം അതായിരുന്നു. ആ ചോദ്യത്തിന് ഒടുവിൽ തീർപ്പ് കൽപ്പിക്കപ്പെടുകയാണ് ഇന്ന്. രണ്ട് നാൾ മുന്നേ രഹസ്യമായി പുതുപ്പള്ളി ജനത രഹസ്യ വോട്ടിംഗ് മെഷിനിൽ കുറിച്ചിട്ട ഉത്തരം ഇന്ന് കേരളക്കരയാകെ പരസ്യമാകും. അതേ ഇന്നറിയാം ഉമ്മൻ ചാണ്ടിയുടെ പകരക്കാരനായി പുതുപ്പള്ളിക്കാർ തിരഞ്ഞെടുത്തത് ആരാണെന്ന്. അഞ്ചാം തിയതി നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങും. ആദ്യ മണിക്കൂറിൽ തന്നെ പുതുപ്പള്ളിയുടെ മനസ് എങ്ങോട്ടേക്കാണെന്ന വ്യക്തമായ സൂചന ലഭിച്ചേക്കും. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത് ബുധനാഴ്ചയാണ്.
വോട്ടെണ്ണൽ തുടങ്ങും മുന്നേ തന്നെ മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽ ഡി എഫ്. പോളിംഗ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യു ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യു ഡി എഫ് നേതൃത്വം കണക്കുകൂട്ടുന്നു.
എന്നാൽ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് സി പി എം വിലയിരുത്തൽ. ഇതിനൊപ്പം വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വം. ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ ഇരുമുന്നണി നേതൃത്വങ്ങളും വിശദമായി വിലയിരുത്തിയിട്ടുണ്ട്.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. അതേ സമയം ഇടതു പ്രചാരണം ഏശിയില്ലെന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻ ഡി എ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം