
കൽപ്പറ്റ : പൊലീസിനും പിവി അൻവറിനുമെതിരെ വിമർശനമുന്നയിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ലെന്ന് വയനാട് ജില്ലാ സെക്രട്ടറി തുറന്നടിച്ചു.
അൻവറിന് ക്വാളിറ്റിയില്ലെന്ന് മനസിലാക്കി തന്നെയാണ് പാർട്ടിക്കുള്ളിൽ പ്രവേശിപ്പിക്കാത്തത്. സ്വർണ്ണക്കടത്തുകാരെ പിടിക്കുമ്പോൾ അൻവർ എന്തിന് വികാരം കൊള്ളുന്നു ? മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു. അതിന് അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? കൊണ്ടുവന്ന സ്വർണത്തെക്കുറിച്ച് അടക്കം കൃത്യമായ കണക്ക് അൻവർ പറയുന്നു. സ്വർണ്ണം കടത്തുന്നവരെ പിടിക്കുമ്പോൾ അൻവറിന് പൊള്ളുന്നു. അൻവറിന്റെ പോലെ സ്വർണ്ണക്കടത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടി പൊതുപ്രവർത്തനം നടത്തുന്നവരല്ല സിപിഎം പ്രവർത്തകർ. മുഹമ്മദ് റിയാസ് മരുമകൻ ആയതിനാൽ അദ്ദേഹത്തെ ആക്രമിക്കുന്നു. ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. അൻവറിന് മാനസിക നില തെറ്റി. അതിന്റെ കാരണം സ്വർണമാണോ എന്ന് സംശയിച്ചാൽ ആരെയും കുറ്റപ്പെടുത്താനാകില്ല.
പൊലീസിനെതിരെയും വിമർശനമുന്നയിച്ച വയനാട് സിപിഎം ജില്ലാ സെക്രട്ടറി, എല്ലാ പൊലീസുകാരും സർക്കാർ നയം നടപ്പാക്കുന്നവരല്ലെന്നും കുറ്റപ്പെടുത്തി. സിപിഎമ്മുകാർക്ക് പൊലീസ് സ്റ്റേഷനിൽ കേറി ചെല്ലാൻ കഴിയില്ലെന്നത് ശരിയാണ്. പല പൊലീസുകാരും വകതിരിവില്ലാത്തവരാണ്. അതിൻറെ ഹെഡ് ഓഫീസ് എഡിജിപിയാണ്. എഡിജിപിയുടെ പെരുമാറ്റത്തിൽ തന്നെ പൊലീസ് സേനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam