
മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പി വി അൻവര്‍ ഫാക്ടര്‍ ഇല്ലെന്ന് ലീഗ് നേതാവ് പി വി അബ്ദുൾ വഹാബ്. നിലമ്പൂരിൽ പി വി അൻവറിന് പ്രസക്തി ഇല്ല. അൻവർ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അൻവർ അല്ല യുഡിഎഫിന്‍റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. സ്ഥാനാർഥിയെ കോൺഗ്രസ് തീരുമാനിക്കും. ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുത്. ആര് സ്ഥാനാർഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കുമെന്നും പി വി അബ്ദുൾ വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മലപ്പുറം വർഗീയ പ്രസംഗത്തിലും അദ്ദേഹം പ്രതികരിച്ചു. വർഗീയ ചേരി തിരിവ് മലപ്പുറത്ത് നടക്കില്ല. വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ച് അറിയാതെ ആണ് സംസാരിക്കുന്നതെന്ന് അബ്ദുൾ വഹാബ് പറഞ്ഞു.
അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിക്ക് സാധ്യതയേറി. പി വി അൻവറിന് പുറമെ മറ്റ് ചില സംഘടനകൾക്കും ആര്യാടൻ ഷൗക്കത്തിനോട് എതിർപ്പുണ്ടെന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കഴിഞ്ഞതവണ ആര്യാടൻ ഷൗക്കത്തിന്റെ എതിർപ്പ് ഉണ്ടായിട്ടും യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശിന് വിജയത്തിന്‍റെ അടുത്തുവരെ എത്താനായത് കൂടെ ജോയിക്ക് അനുകൂല ഘടകമായി. ഇത്തവണ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ യുഡിഎഫ് വോട്ട് ചോരുമെന്ന് നേതാക്കളുടെ നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പിവി അൻവർ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സ്ഥാനാർത്ഥിത്തെ ചൊല്ലിയുള്ള തർക്കത്തിലും വിവാദങ്ങളിലും കോൺഗ്രസ് നേതൃത്വത്തെ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്.
അതിനിടെ നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വൻ വിജയം നേടുമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ തന്നെയാകും തെരഞ്ഞെടുപ്പ് ഫലം. പിവി അൻവര്‍ എന്ന കള്ളനാണയത്തെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുകളയണം. ഇടതുമുന്നണിക്ക് ഉണ്ടാക്കിയതിലും വലിയ ബാധ്യതയും തലവേദനയുമാണ് പി വി അൻവര്‍ യുഡിഎഫിന് ഉണ്ടാക്കുകയെന്നും പി പി സുനീര്‍ എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam