വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് അൻവര്‍; 'തോന്നിവാസത്തിന് അതിരില്ല, ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം'

Published : Sep 23, 2024, 02:01 PM IST
വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് അൻവര്‍; 'തോന്നിവാസത്തിന് അതിരില്ല, ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം'

Synopsis

കോടികൾ മുടക്കി പല ഭാഗത്തും കെട്ടിടങ്ങൾ ഉണ്ടാക്കുകയാണെന്നും പിവി അൻവര്‍ ആരോപിച്ചു

മലപ്പുറം: നിലമ്പൂർ വനംവകുപ്പിന്‍റെ പരിപാടിയിൽ വനം മന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവര്‍ എംഎല്‍എ. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും പിവി അൻവര്‍ എംഎൽഎ തുറന്നടിച്ചു.

വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ല.

കെ സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരിയായിട്ടില്ല. പിന്നല്ലെ പാവം ശശീന്ദ്രൻ വിചാരിച്ചിട്ടെന്നും പിവി അൻവര്‍ എംഎല്‍എ പറഞ്ഞു. വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ്  കെട്ടിടങ്ങൾ പണിയുകയാണ്. ഇത് ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ - വന്യ ജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്സഭാ തെരെഞ്ഞെടുപ്പിൽ വലിയ വോട്ടുചോർച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാൾ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫീസിൽ വക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല.

ഇടതു രീതിയല്ല. വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻഅപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെയെന്നും പി.വി.അൻവർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല. ഈ നിയമസഭ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും  പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം. മനുഷ്യർക്കും ഇവിടെ ജീവിക്കണം.ലോക രാജ്യങ്ങളിൽ കാലത്തിന് അനുസരിച്ച് പല നിയമങ്ങൾ പരിഷ്ക്കരിച്ചു. ഓസ്ട്രേലിയയിൽ കങ്കാരുക്കളെ  കൊല്ലാൻ തോക്ക് നൽകിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.

അവര്‍ കോടികൾ മുടക്കി പല ഭാഗത്തും കെട്ടിടങ്ങൾ ഉണ്ടാക്കുകയാണ്. തന്‍റെ നേതൃത്വത്തിലാണ് ഈ പണി നടന്നിരുന്നതെങ്കിൽ ഉദ്യോഗസ്ഥരെയൊക്കെ ഡിസ്മിസ് ചെയ്തേനെ.
വനം വകുപ്പിന്‍റെ തോന്നിവാസത്തിന് അതിരില്ലാത്ത സ്ഥിതിയാണ്. ഇതൊക്കെ ഇവിടെ മാത്രമേ നടക്കു. തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ. പണ്ടൊക്കെ നാട്ടുകാർ ഇരുട്ടടി അടിച്ചേനെ. ഇപ്പോൾ മൊബൈൽ ഫോൺ വന്നതോടെ അതിനും കഴിയാതായി. അതേസമയം, വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ പി.വി അൻവറിന്‍റെ വിമർശനം പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. 

ഉദ്യോഗസ്ഥരോട് തട്ടിക്കയറി പിവി അൻവര്‍

വേദിയിലുള്ള പരസ്യവിമര്‍ശനത്തിന് പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പിവി അൻവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് പിവി അൻവര്‍ രോഷം പ്രകടിപ്പിച്ചത്. പിവി അൻവറിന്‍റെ വാഹനം മാറ്റിയിടാൻ ഡ്രൈവറോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. 


വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് വനം മന്ത്രി

പൊതുജനങ്ങളോട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നല്ല രീതിയിലല്ലെന്ന് പരിപാടിയിൽ മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയായ ആദ്യം നടന്ന അവലോകന യോഗത്തിൽ അത് മനസിലായി. മനുഷ്യരുടെ ഭാവിക്കയാണ് വനവും പ്രകൃതിയും. ജനങ്ങളുടെ പ്രശ്നം വനം വകുപ്പ് ഉദ്യോഗസ്ഥർ പഠിച്ചിട്ടില്ലെന്നും പഠിപ്പിച്ചിട്ടുമില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള സഹിഷ്ണുത ഉദ്യോഗസ്ഥർക്കുണ്ടാവണം. ജന വിരുദ്ധ വകുപ്പിൽ നിന്നും ജന സൗഹൃദ വകുപ്പാക്കി മാറ്റുക എന്ന നടപടിയാണ് താൻ ചെയ്തത്.അത് പൂർണ്ണമായിട്ടില്ല. ഒരു പരിധി വരെ അത് ചെയ്യാൻ കഴിഞ്ഞുവെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

നിർമാണത്തിലിരുന്ന കെട്ടിടത്തിൻെറ സ്ലാബ് തകർന്ന് വീണ് അപകടം; സ്ലാബിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്