
മലപ്പുറം : വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്തുവെന്നതിന്റെ തെളിവുകൾ പ്രത്യേക വാർത്താ സമ്മേളനം വിളിച്ച് പുറത്ത് വിട്ട് പിവി അൻവർ. 2023ൽ വിദേശത്തു നിന്ന് എത്തിയ കുടുംബം അനുഭവം വ്യക്തമാക്കുന്ന വിഡിയോ ആണ് പുറത്ത് വിട്ടത്. എയർപ്പോട്ടിന് പുറത്ത് വെച്ചാണ് പൊലീസ് സ്വർണ്ണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ പകുതിയോളം പൊലീസ് മോഷ്ടിച്ചു. 900 ഗ്രാം സ്വർണ്ണത്തിൽ 500 ഗ്രാമിലേറെയാണ് പൊലീസ് മുക്കിയത്. 300 ഗ്രാമിന് മുകളിൽ സ്വർണ്ണം മാത്രമാണ് കണക്കിലുണ്ടായിരുന്നത്. ബാക്കി സ്വർണ്ണം പൊലീസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
പാസ്പോട്ടും ഫോണും പിടിച്ചുവെച്ചു. ഒന്നരമാസത്തിന് ശേഷം പാസ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ മഞ്ചേരി കോടതിയിൽ ചെല്ലാനാണ് ആവശ്യപ്പെട്ടത്. അവിടെ വെച്ചാണ് രേഖകൾ പരിശോധിക്കുന്നതും സ്വർണ്ണ തൂക്കത്തിലെ വ്യത്യാസം മനസിലാകുന്നതും. 500 ലേറെ ഗ്രാം പൊലീസ് മുക്കിയെന്നും അൻവർ പുറത്ത് വിട്ട വീഡിയോയിലൂടെ കുടുംബം ആരോപിച്ചു. സ്വർണം പോലീസ് മോഷ്ഠിക്കുന്നില്ല. ഉരുക്കി വേർ തിരിക്കുമ്പോൾ തൂക്കം കുറയുന്നതാണെന്നാണ് മുഖ്യമന്ത്രി മുൻപ് വിശദീകരിച്ചിരുന്നു. ആ വാദത്തെ തിരുത്തുകയാണ് അൻവർ. പൊലീസിനെതിരായ തെളിവ് വീഡിയോ ആണ് വാർത്താ സമ്മേളനത്തിൽ പി.വി അൻവർ പുറത്ത് വിട്ടത്.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അൻവർ
കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രിയെ അൻവർ വെല്ലുവിളിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം.ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam