മിച്ചഭൂമി കേസ്: ഇരിപ്പുറക്കാത്ത കസേരയിൽ മാറിയെത്തിയത് 17 ഉദ്യോഗസ്ഥർ; അൻവറിന് വഴിവിട്ട സഹായമെന്ന് ആക്ഷേപം

Published : Jul 12, 2023, 04:12 PM IST
മിച്ചഭൂമി കേസ്: ഇരിപ്പുറക്കാത്ത കസേരയിൽ മാറിയെത്തിയത് 17 ഉദ്യോഗസ്ഥർ; അൻവറിന് വഴിവിട്ട സഹായമെന്ന് ആക്ഷേപം

Synopsis

പരിധിയിൽ കവിഞ്ഞ ഭൂമി വിവിധ കമ്പനികളുടെ പേരിലാണെന്ന വാദമായിരുന്നു അൻവറിന്റെ അഭിഭാഷകൻ താലൂക്ക് ലാൻഡ് ബോർഡിൽ ഉന്നയിച്ചത്

കോഴിക്കോട്: മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സര്‍ക്കാരില്‍ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമര്‍ശനം ശക്തം. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻ തസ്തികയിൽ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അൻവറിന് ഒത്താശ ചെയ്തത്. അഞ്ച് വർഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്. 

ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കർ ആണ്. എന്നാൽ പി വി അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ട്. പിവി അൻവർ തന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പരാതി നൽകിയത്. 

പിന്നാലെ സ്റ്റേറ്റ് ലാൻഡ് ബോർഡ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന് 2017 ൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. അന്നത്തെ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ ആയിരുന്ന എൻ.കെ എബ്രഹാം പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ലാൻഡ് സീലിംഗ് കേസ് രജിസ്റ്റർ ചെയ്ത് അൻവറിന് നോട്ടീസ് അയച്ചു. തൊട്ടു പിന്നാലെ ഉദ്യോഗസ്ഥനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഈ തസ്തികയിൽ മാറിമാറി വന്നത് 17 ഉദ്യോഗസ്ഥരാണ്. ഇതിൽ രണ്ടാഴ്ച മാത്രം ചുമതലയിൽ ഇരുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

അൻവർ  അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പ്രഹസനമായി മാറുകയാണെന്നും ആരോപിച്ചാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. പരിധിയിൽ കവിഞ്ഞ ഭൂമി വിവിധ കമ്പനികളുടെ പേരിലാണെന്ന വാദമായിരുന്നു അൻവറിന്റെ അഭിഭാഷകൻ താലൂക്ക് ലാൻഡ് ബോർഡിൽ ഉന്നയിച്ചത്. എന്നാൽ കമ്പനികൾക്ക് ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂപരിധിയിൽ ഇളവുണ്ടെങ്കിലും അൻവറിന്‍റെ കമ്പനികൾ പലതും കടലാസ് കമ്പനികൾ മാത്രമാണെന്നും ഇത് ഭൂപരിധി നിയമം അട്ടിമറിക്കാൻ വേണ്ടി തട്ടിക്കൂട്ടിയതാണെന്നുമായിരുന്നു ഷാജിയുടെ വാദം. 

അൻവറിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമി ഉള്ളതിന്‍റെ രേഖകൾ ഷാജി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ 22 ഏക്കർ ഭൂമി മാത്രമാണ് കണ്ടെത്താനായതെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് കോടതിയെ അറിയിച്ചു. തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് സാവകാശം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. 

കേസ് അട്ടിമറിക്കാൻ പിവി അൻവറിന് സർക്കാർ സഹായമെന്ന് ആരോപണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി