
കൊച്ചി: പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെ സമയം നൽകി ഹൈക്കോടതി. നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും. മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്. അതേസമയം, തന്റെ ഭാഗം കൂടി കേൾക്കണമെന്ന പി വി അൻവറിന്റെ ഹർജിയിൽ കോടതി തീരുമാനം എടുത്തിട്ടില്ല.
അതേസമയം, മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സര്‍ക്കാരില്‍ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമര്‍ശനം ശക്തമാണ്. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻ തസ്തികയിൽ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അൻവറിന് ഒത്താശ ചെയ്തത്. അഞ്ച് വർഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കർ ആണ്. എന്നാൽ പി വി അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ട്. പിവി അൻവർ തന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam