
തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ കാര്യത്തില്‍ ഇളവ്. ഇവര്‍ക്ക് വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ആശ്വാസത്തിന്‍റെ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ പെട്ട് പോയ കേരളീയർ നാളെ മുതൽ കേരളത്തിലെത്തും. ഇതിനായുള്ള നടപടിക്രമങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തിയ വിമാനങ്ങളിലും പ്രതിരോധ വകുപ്പ് ഏർപ്പെടുത്തിയ കപ്പലുകളിലാണ് ഇവർ വരുന്നത്. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുൻനിർത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ മറുപടി ലഭിച്ചിട്ടില്ല.
മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തിൽ കരുതലോടെ ഇടപെടും. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതൽ ആ ജാഗ്രത ഉണ്ടാകണം. അവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറാണ്. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാർത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്. ദില്ലി ജാമിയ മിലിയയിലെ മലയാളി വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച ഒരു നിർദേശം ഈ മാസം 15-ന് മുമ്പ് ഹോസ്റ്റൽ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. ഇതൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്.
ഈ സാഹചര്യത്തിൽ ദില്ലി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കാൻ ഊർജിതമായ ശ്രമം കേരളം നടത്തുന്നു. പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്നാണ് ആവശ്യം. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam