മലയാറ്റൂരിലെ സ്ഫോടനം; പാറമട ഉടമ അറസ്റ്റിൽ, പിടിയിലായത് ബംഗളൂരുവിൽ നിന്ന്

By Web TeamFirst Published Sep 27, 2020, 9:57 AM IST
Highlights

വിജയ പാറമട  ഉടമ ബെന്നി പുത്തേൻ അറസ്റ്റിലായി. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്.  ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. 

കൊച്ചി: എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് 2 പേർ മരിച്ച സംഭവത്തിൽ വിജയ പാറമട  ഉടമ ബെന്നി പുത്തേൻ അറസ്റ്റിലായി. 
ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്.  ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. 

മലയാറ്റൂര്‍ നീലിശ്വരം സ്വദേശിയായ ബെന്നി പുത്തനു വേണ്ടി ഓഫീസുകളിലും ബന്ധുവീടുകളിലും  തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.  പാറമടയോട് ചേര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തില്‍ ഈ മാസം 21ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്നാട് സേലം സ്വദേശി പെരിയണ്ണനും കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗയുമാണ് മരിച്ചത്. വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പെട്രോളിയം ആന്‍റ് എക്സ്പ്ലോസീവ്സ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും അന്വേഷണം നടത്തുന്നുണ്ട്.  ബെന്നിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. 

ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തില്‍ മലയാറ്റൂർ സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറാണ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സ്പ്ളോസീവ്സ് ആക്റ്റ് പ്രകാരമാണ് അന്വേഷണം.

click me!