കൊയിലാണ്ടിയിലെ ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പൊലീസിന്റെ പിടിയിൽ

By Web TeamFirst Published Dec 8, 2020, 7:53 PM IST
Highlights

ആക്രമണം ഉണ്ടായപ്പോൾ പൊലീസ് ശക്തമായ നടപടി എടുത്തില്ലെന്ന് ആക്രമണത്തിന് ഇരയായ മുഹമദ് സാലിഹ് പറഞ്ഞു. തനിക്കും ഭാര്യ ഫർഹാനയ്ക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമെന്നും സാലിഹ് പറഞ്ഞു

കോഴിക്കോട്: കൊയിലാണ്ടിയിൽ വധൂവരന്മാർക്ക് നേരെയുള്ള ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പൊലീസിന്റെ പിടിയിലായി. കൊയിലാണ്ടി സ്വദേശി കബീറിനെയാണ് പോലീസ് പിടികൂടിയത്. വധുവായ ഫർഹാനയുടെ അമ്മാവനാണ് കബീർ. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതാണ് വധുവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

ആക്രമണം ഉണ്ടായപ്പോൾ പൊലീസ് ശക്തമായ നടപടി എടുത്തില്ലെന്ന് ആക്രമണത്തിന് ഇരയായ മുഹമദ് സാലിഹ് പറഞ്ഞു. തനിക്കും ഭാര്യ ഫർഹാനയ്ക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമെന്നും സാലിഹ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊയിലാണ്ടിക്കടുത്ത് നടേരിയിലായിരുന്നു സംഭവം. നടേരി സ്വദേശിയാണ് സാലിഹ്. ഇയാളും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. മുഹമ്മദ് സാലിഹ് രജിസ്റ്റര്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ സഹോരന്‍മാരായ കബീറിന്‍റെയും മന്‍സൂറിന്‍റെയും നേതൃത്വത്തിലായിരുന്നു ആക്രമണം. 

ഫർഹാനയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു വടിവാളും കമ്പിയും ഉപയോഗിച്ചുളള ആക്രമണം.  നാട്ടുകാർ തടഞ്ഞതുകൊണ്ടാണ് യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ജീവൻ നഷ്ടമാകാതിരുന്നതെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. കയ്യിൽ വടിവാളുമായാണ് കബീറും മൻസൂറും മറ്റുള്ളവരും സ്വാലിഹിനെ വഴിവക്കിൽ കാത്തു നിന്നത്. നാട്ടുകാരിൽ ചിലർ തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ വണ്ടിയുടെ വശങ്ങളിലെ ചില്ലുകൾ തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാൻ ശ്രമിച്ചു. അകത്തിരിക്കുന്ന സ്വാലിഹ് ഉൾപ്പടെയുള്ളവർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കി കാർ മുന്നോട്ടെടുക്കാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയിൽ പിന്നിലെ ചില്ലും ഇവ‍ർ തല്ലിത്തകർത്തു. 

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെത്തന്നെയാണ് ഇവർ കാർ തടഞ്ഞുനിർത്തി ആക്രമിക്കുന്നതെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിൽ ഇന്നലെ പരാതി നൽകിയിട്ടും പൊലീസ് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അക്രമികൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി ഡോ. ശ്രീനിവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!