
പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായ ആക്രമണത്തിൽ 12കാരി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി അഭിരാമിയുടെ അമ്മ രജനി. പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് രജനിയുടെ ആരോപണം.
ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം ഒരു മണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. അതിന് ശേഷമാണ് വാക്‌സിൻ നൽകിയത്. കുട്ടിയുടെ മുറിവ് കഴിക്കാനുള്ള സോപ്പ് പോലും പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരാൻ ആശുപത്രി അധികൃതർ പറഞ്ഞു. കുറച്ചു കൂടി നന്നായി ആശുപത്രി അധികൃതർ ഇടപെട്ടിരുന്നേൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും കുട്ടിയുടെ ജീവൻ വെച്ച് ആശുപത്രി അധികൃതർ പരീക്ഷണം നടത്തിയെന്നു അമ്മ രജനി കുറ്റപ്പെടുത്തി.
അഭിരാമിക്ക് പേവിഷബാധ ഏറ്റ കാര്യത്തിൽ സ്ഥിരീകരണമായിരുന്നു. പുനെയിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. അഭിരാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം, പെൺകുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടായെന്ന പ്രതിപക്ഷ ആരോപണം തുടരുകയാണ്. ഈ വിഷയം ഉന്നയിച്ച് ഇന്നും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. ഇന്നലെ യൂത്ത് കോൺഗ്രസ് ഡി എം ഒയെ ഉപരോധിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പെരുന്നാട് കുടുംബ ആരോഗ്യ കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ബിജെപി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam