സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല, കെസി വേണുഗോപാലിനെ വാഴ്ത്തി കെ സുധാകരൻ; കോൺഗ്രസിൽ 'മുഖ്യമന്ത്രി കസേര' വടംവലി മുറുകുന്നു!

Published : Apr 15, 2026, 08:41 PM IST
sudhakaran

Synopsis

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കെ സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി വിമർശിക്കുന്ന കുറിപ്പ്, കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവായി കെസി വേണുഗോപാൽ ഉയരട്ടെ എന്നും സുധാകരൻ കുറിച്ചു

കണ്ണൂർ: വോട്ടെണ്ണലിന് മുന്നേ തന്നെ കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നുവെന്ന സൂചനയുമായി കെ സുധാകരൻ രംഗത്ത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. 'ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവായി കെ സി ഉയരട്ടെ' എന്നാണ് സുധാകരൻ കുറിച്ചത്. കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും സുധാകരൻ കുറിച്ചു. നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്ന സുധാകരൻ പെട്ടെന്ന് കെ സി വേണുഗോപാലിനെ വാഴ്ത്തി രംഗത്തെത്തിയത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വെച്ചുള്ള ഒളിയമ്പുകളും സുധാകരന്റെ കുറിപ്പിലുണ്ട്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന നേതാക്കൾക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്ന സുധാകരന്റെ പരാമർശം സതീശനെതിരെയുള്ള പരോക്ഷ വിമർശനമായാണ് വിലയിരുത്തപ്പെടുന്നത്.

കെ സുധാകരന്‍റെ കുറിപ്പ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി, വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.

ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്. നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യു ഡി എഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും, പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലൻ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു, പാത്രം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം; സംഭവം കൊയിലാണ്ടിയിൽ
ബിജെപി സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം, മണ്ഡല പുനർനിർണയത്തിനെതിരെ പിണറായി വിജയൻ