റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

By Web TeamFirst Published Nov 1, 2019, 10:16 PM IST
Highlights
  • രാജേഷ് വധക്കേസിലെ കേസിലെ മൂന്നാം പ്രതിയാണ് പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടത്
  • മാവേലിക്കര കോടതിയിൽ ഹാജരാക്കുന്ന വഴിയിലാണ് അപ്പുണ്ണി പൊലീസിനെ വെട്ടിച്ചത്

ആലപ്പുഴ: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി അപ്പുണ്ണി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മാവേലിക്കര കോടതിയിൽ ഹാജരാക്കുന്ന വഴിയിലാണ് അപ്പുണ്ണി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കിളിമാനൂർ സ്വദേശിയായ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് ആലപ്പുഴ സ്വദേശിയായ അപ്പുണ്ണി.

രണ്ട് കൊലക്കേസ് അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയും ക്വട്ടേഷന്‍ ടീം അംഗവുമാണ് അപ്പുണ്ണി. മറ്റൊരു കേസിന്റെ ഭാഗമായി മാവേലിക്കര കോടതിയിൽ ഹാജരാക്കാനാണ് അപ്പുണ്ണിയെ കൊണ്ടുപോയത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയ ശേഷം പൊലീസ് പണം കൊടുക്കുന്ന സമയത്താണ് അപ്പുണ്ണി രക്ഷപ്പെട്ടത്. 

പൂജപ്പുര ജയിലിലെ അന്തേവാസിയായ അപ്പുണ്ണി, താൻ ജയിൽ ചാടുമെന്ന് ജയിലിൽ ഒപ്പമുളളവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പുണ്ണി ജയിൽ ചാടാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാളെ ലാഘവത്തോടെയാണ് പൊലീസ് കോടതിയിൽ കൊണ്ടുപോയത്. റേഡിയോ ജോക്കി കേസിന്റെ വിചാരണ നടപടികൾ തിരുവനന്തപുരം സെഷൻസ് കോടതിയിൽ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് അപ്പുണ്ണിയുടെ രക്ഷപ്പെടൽ. 

രാജേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പ്രധാന പങ്കുവഹിച്ച ആളാണ് അപ്പുണ്ണി. ഖത്തറിലെ വ്യവസായിയായ സത്താർ അപ്പുണ്ണിയുടെ സുഹൃത്തായ സ്വാലിഹിലാണ് ക്വട്ടേഷൻ നൽകിയത്. അപ്പുണ്ണി അടങ്ങുന്ന സംഘമാണ് മടവൂരിലെത്തി രാജേഷിനെ കൊന്നത്. സംഭവത്തിനുശേഷം തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ക്കഴിഞ്ഞ അപ്പുണ്ണിയെ ആലപ്പുഴയില്‍ നിന്നായിരുന്നു പിടികൂടിയത്.

click me!