
തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കി.
കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയായിരുന്നു.
2018 മാർച്ച് 27 നാണ് കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം ആളുകൾ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. പുലർച്ചെ രണ്ടരയോടെ സംഭവമുണ്ടായത്. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പ്രതികളിൽ ഒരാളായ സ്ഫടികം എന്ന് വിളിക്കുന്ന സ്വാതി സന്തോഷ് പിടിയിലായി. പിന്നാലെ മറ്റു പ്രതികളും പൊലീസിന്റെ വലയിലായി. ഖത്തറിലെ വ്യവസായിയായ അബ്ദുൾ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിലെ കാരണം. ഒന്നാം പ്രതിയായ സത്താറിനെ ഇപ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നൊസ്റ്റാൾജിയ എന്ന നാടൻ പട്ടു സംഘത്തിലെ ഗായകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട രാജേഷ്. 10 വർഷത്തോളം സ്വകാര്യ റേഡിയോ ചാനലിൽ റേഡിയോ ജോക്കിയായിരുന്നു. 2016 ജൂൺ മുതൽ ഖത്തറിൽ ജോലിക്ക് പോയി 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് സ്വന്തമായി റിക്കാർഡിങ് സ്റ്റുഡിയോ തുടങ്ങിയത്. ഖത്തറിലായിരുന്ന സമയത്താണ് ഒന്നാം പ്രതി അബ്ദുൾ സത്താറിന്റെ ഭാര്യയുമായി രാജേഷിന് അടുപ്പമുണ്ടായിരുന്നത്. ഇതാണ് കൊലയിലേക്ക് നയിച്ചത്.
കേസിലെ ഒന്നാം പ്രതി ഖത്തറിലെ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താർ നൽകിയ കൊട്ടേഷൻ പ്രകാരമായിരുന്നു ക്രൂര കൊലപാതകം. ഖത്തറിലുള്ള ഒന്നാം പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. സത്താറിന്റെ ജീവനക്കാരനായ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. സാലിഹിന്റെ സുഹൃത്തും ‘സാത്താൻ ചങ്ക്‌സ്’ എന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനുമായ കായകുളം സ്വദേശി അപ്പുണ്ണിയും സംഘവുമാണ് മറ്റു പ്രതികൾ. ഇവരിൽ രണ്ടും മൂന്നും പ്രതികളെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam