
തിരുവനന്തപുരം: കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ പിതാവ് റഹീം. ഞാൻ വീടുമായി നിരന്തരം സംസാരിക്കുന്ന ആളാണ്. അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
ഷെമീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. ഇന്ന് സംസാരത്തിലും വ്യത്യാസം ഉണ്ട്. എല്ലാവരുടേയും പ്രാർത്ഥന വേണം. മകനുമായി നിരന്തരം സംസാരിച്ചിരുന്നു. എനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പൊലിസ് സത്യം കണ്ടത്തട്ടെ. മറ്റൊന്നും പറയാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വെഞ്ഞാറമൂട് പൊലീസും റഹീമിൻ്റെ മൊഴിയെടുത്തു.
അതിനിടെ, റഹീം പൊലീസിന് മുന്നിൽ നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത് വന്നു. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നാണ് പ്രതി അഫാന്റെ അച്ഛൻ റഹിം പൊലീസിന് നൽകിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം എനിക്കറിയാമായിരുന്നു. അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെൺകുട്ടിയുടെ സ്വർണ മാല പണയം വെച്ചിരുന്നു. ആ മാല പണയത്തിൽ നിന്നും എടുത്ത് നൽകാൻ 60,000 രൂപ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹിം പറഞ്ഞു.
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്. അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാർ നിരന്തരം ശല്യം ചെയ്തപ്പോൾ കൂട്ട ആത്ഹത്യ ചെയ്യാൻ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അഫ്സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam