'പിരിച്ചുവിടാനുള്ള കുറ്റമെന്താണ് ഞാൻ ചെയ്തത്? അപ്പീൽ നൽകും, നിയമപരമായി മുന്നോട്ട് പോകും'; രഹ്ന ഫാത്തിമ

By Web TeamFirst Published May 16, 2020, 1:10 PM IST
Highlights

സുപ്രീം കോടതി വിധി പ്രസ്താവിച്ച വിഷയമാണ് ശബരിമല യുവതി പ്രവേശനം. അപ്പീലിന് പോകാൻ തന്നെയാണ് തീരുമാനം. നിയമപരമായി നേരിടും. 


കൊച്ചി: നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകി തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയ ബിഎസ്എൻഎൽ നടപടിയെ നിയമപരമായി നേരിടുമെന്ന് രഹ്ന ഫാത്തിമ. പതിനഞ്ച് വർഷമായി ബിഎസ്എൻഎല്ലിൽ ടെലകോം ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഹ്ന ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര അന്വേഷണങ്ങൾക്ക് ശേഷമാണ് ബിഎസ്എൻഎല്ലിന്റെ നടപടി. 

''പതിമൂന്നാം തീയതി ഉച്ചകഴിഞ്ഞാണ് ജോലിയിൽ നിന്നും പുറത്താക്കി എന്നറിയിച്ചു കൊണ്ടുളള ഉത്തരവ് ലഭിക്കുന്നത്. സാധാരണ കൈക്കൂലി വാങ്ങുകയോ ജോലിയിൽ എന്തെങ്കിലും പിഴവ് സംഭവിക്കുകയോ ചെയ്താലാണ് നടപടിയുണ്ടാകുന്നത്. പ്രമോഷൻ തടഞ്ഞുവെക്കുകയോ സസ്പെൻഡ് ചെയ്യുകയോ ആണ് ചെയ്യുക. എന്റെ കാര്യത്തിൽ ജോലി സംബന്ധമായ യാതൊരു തെറ്റുകളും സംഭവിച്ചിട്ടില്ല. ഒരാളുടെ മൗലികാവകാശം ഉപയോ​ഗിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ആരാധനാ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. സുപ്രീം കോടതി വിധി പ്രസ്താവിച്ച വിഷയമാണ് ശബരിമല യുവതി പ്രവേശനം. അപ്പീലിന് പോകാൻ തന്നെയാണ് തീരുമാനം. നിയമപരമായി നേരിടും.'' ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ ഉത്തരവ് ലഭിച്ച സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കവേ രഹ്ന ഫാത്തിമ പറഞ്ഞു.

''ശബരിമലയിൽ പോയതിന്റെ പേരിൽ ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നാണ് ബിഎസ്എൻഎല്ലിന്റെ വിശദീകരണം. അന്ന് ശബരിമലയിൽ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അറസ്റ്റ് ചെയ്തിരുന്നു. 18 ദിവസം ജയിലിലായിരുന്നു. സാധാരണ ആറ് മാസമാണ് സസ്പെൻഷൻ നൽകുന്നത്. എന്നാൽ എന്റെ കാര്യത്തിൽ ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയി. 18 മാസമായി സസ്പെൻഷനിലായിരുന്നു. ജൂനിയർ എഞ്ചിനീയർ ആയിട്ടുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞു വച്ചു. പതിനഞ്ച് വർഷമായി ഞാൻ ബിഎസ്എൻഎൽ ജീവനക്കാരിയാണ്.'' രഹ്ന പറയുന്നു. 

തനിക്കെതിരെ ബിഎസ്എൻഎല്ലിന്റെ ഭാ​ഗത്ത് നിന്നുണ്ടായ അനീതിയെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് രഹ്ന പറഞ്ഞു. ''ശബരിമല യുവതിപ്രവേശനത്തിൽ സുപ്രീം കോടതി വിധി നിലനിൽക്കുന്നുണ്ട്. ആ വിധി ഉളളപ്പോഴാണ് ഞാൻ ശബരിമലയ്ക്ക് പോയത്. പോകാൻ പാടില്ലാത്ത സ്ഥലത്തല്ലല്ലോ ഞാൻ പോയത്? തുല്യതയെന്നത് എല്ലാവരുടെയും അവകാശമല്ലേ? ഞാനെന്ന വ്യക്തിയുടെ കാര്യം മാത്രമല്ല ഇത്. സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രവർത്തനമായിട്ടാണ് എനിക്ക് തോന്നുന്നത്. നാളെ മറ്റ് സ്ഥാപനങ്ങളും ഇതേ രീതി തന്നെ പിന്തുടരാൻ സാധ്യതയില്ലേ?''  രഹ്ന ചോദിക്കുന്നു. 

 

click me!