
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്. ഡോക്ടർമാർ രാഹുലിനെ പരിശോധിക്കുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. യുവതിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ ആക്രമണക്കേസുകളിൽ പൊതുവെ പൊലീസ് സ്വീകരിക്കാറുള്ള നിലപാടല്ല രാഹുൽ ഈശ്വരന്‍റെ കാര്യത്തിൽ പൊലീസ് സ്വീകരിച്ചിട്ടുള്ളത്. രാഹുൽ ഈശ്വറിനെതിരായ കേസിൽ അതിവേഗ നടപടികളുമായാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് മുന്നോട്ടുപോകുന്നത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി അഡീഷണൽ സിജെഎം കോടതിയിൽ നൽകിയ അപേക്ഷയിൽ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച വൈകിട്ട് ജില്ലാ ജയിലിൽ എത്തിച്ചു മുതൽ നിരാഹരം ഇരുന്ന് പ്രതിഷേധിക്കുന്ന രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സെന്‍ട്രൽ ജയിലിലേക്ക് മാറ്റിയത്. പൊലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് രാഹുൽ ഈശ്വറിന്‍റെ നിരാഹാര സമരം. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തു. രാഹുലിനെ നിരന്തരം നിരീക്ഷിക്കേണ്ട ആവശ്യമുള്ളതിനാൽ ഡോക്ടറുടെ സേവനം വേണം. ഈ രണ്ട് സൗകര്യങ്ങളും ജില്ലാ ജയിലിലില്ല. ഇതേതുടര്‍ന്നാണ് രാഹുലിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റിയത്. അതേസമയം,രാഹുലിൻറെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ജയിൽ അധികൃതർ അറിയിക്കുന്നത്. യുവതിക്കെതിരായ സൈബർ അധിക്ഷേപത്തിൽ കൊച്ചിയിലും ഇന്നലെ രണ്ട് പേർക്കെതിരെ കേസെടുത്തിരുന്നു. അതേസമയം,സൈബർ അധിക്ഷേപ കേസിൽ സന്ദീപവാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam