
തിരുവനന്തപുരം: അതീജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ. സ്റ്റേഷനിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും ദീപ പറഞ്ഞു. റിമാൻഡ് ചെയ്തപ്പോൾ ജയിലിനുള്ളിൽ നിരാഹാര സമരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് വീട്ടിൽ വന്നപ്പോൾ നോട്ടീസ് തന്നിരുന്നില്ല. എന്നാൽ, നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണ്. തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറഞ്ഞു.
അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.