
തൊടുപുഴ: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ അക്രമം നിന്ദ്യമായ നടപടിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. അക്രമം ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ വീഴ്ച്ച മറയ്ക്കാനുള്ള ശ്രമമാണ്. ബഫർസോൺ പ്രശ്നത്തിൽ മുഖ്യ പ്രതി സംസ്ഥാന സർക്കാരാണ് എന്നും പി ജെ ജോസഫ് ആരോപിച്ചു.
അക്രമത്തെ അപലപിക്കാൻ സിപിഎം നേതാക്കൾ ആദ്യം തയാറായില്ല. അക്രമം കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ നടന്നതാണെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചത്. രാഹുലിനെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന് പിണറായി തുടങ്ങുന്നു. മോദിയെ സുഖിപ്പിക്കാൻ പിണറായി എസ്എഫ്ഐ ക്ക് കൊട്ടേഷൻ കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിയുടെ സ്റ്റാഫിന് ഉൾപ്പടെ എപി ഓഫീസ് അക്രമത്തിൽ പങ്കുണ്ട്. അക്രമം നടത്തിയവരെ പുറത്താക്കാൻ പാർട്ടി ആർജവം കാണിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് സംഘടിപ്പിച്ച വമ്പന്‍ റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കെ സി വേണുഗോപാല്‍.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, എം കെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളെയും പങ്കെടുപ്പിച്ചാണ് ആയിരത്തിയഞ്ഞൂരിലേറെ പേര്‍ അണിനിരന്ന റാലി സംഘടിപ്പിച്ചത്. സിവിൽ സ്റ്റേഷൻ പരിസരത്തെ എംപി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
Read Also: തൃക്കാക്കര തോൽവി; അന്വേഷിക്കാൻ സിപിഎം കമ്മീഷൻ, എ കെ ബാലനും ടിപി രാമകൃഷ്ണനും അംഗങ്ങള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam