Latest Videos

വയനാട്ടിലേക്ക് എത്തിയത് 50000 കിലോ അരി; കൈത്താങ്ങായി രാഹുല്‍

By Web TeamFirst Published Aug 15, 2019, 8:37 PM IST
Highlights

രണ്ട് ദിവസത്തെ സന്ദർശനത്തിൽ ആദ്യത്തെ ദിവസം ഉരുൾപൊട്ടലിൽ വൻനാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചിൽ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുൽ ​ഗാന്ധി സന്ദർശനം നടത്തിയത്.  

വയനാട്: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി എംപി. 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുൽ ​ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചു. ജില്ലയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സാധനങ്ങൾ വയനാട്ടിലെത്തിയത്.

ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുംപെട്ട് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ജനതയെ കാണാൻ കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി വയനാടും മലപ്പുറവും സന്ദർശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിൽ ആദ്യത്തെ ദിവസം ഉരുൾപൊട്ടലിൽ വൻനാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചിൽ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുൽ ​ഗാന്ധി സന്ദർശനം നടത്തിയത്.

ജില്ലയിലെ വിവിധ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ക്യാമ്പിലേക്കുള്ള അത്യാവശ്യ വസ്തുക്കള്‍ എത്തിക്കാൻ രാഹുൽ ​ഗാന്ധി നിർദ്ദേശം നൽകിയത്. രണ്ട് ഘട്ടമായിട്ടാണ് സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കി. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തിച്ചു.

അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തുമെന്ന് നേതാക്കൾ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്ലോർ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

click me!