
കോട്ടയം: ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ക്രിമിനൽ വേട്ട തന്നെയാണ് നേരിട്ടതെന്നും അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയാണ് രാഹുൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ കണ്ട, മനുഷ്യന്റെ വികാരങ്ങൾ മനസിലാകുന്ന രാഷ്ട്രീയക്കാരൻ ഉമ്മൻ ചാണ്ടി മാത്രമാണെന്ന് രാഹുൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞു. അനാരോഗ്യം ഉള്ളപ്പോഴും ഭാരത് ജോഡോ യാത്രയിൽ ഉമ്മൻ ചാണ്ടി നടക്കാൻ തയ്യാറായി. ഡോക്ടർമാർ പോലും യാത്രയിൽ അണി നിരക്കുന്നതിനെ എതിർത്തിരുന്നു. ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ആളായത് കൊണ്ടാണ് ഉമ്മൻ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ ഇറങ്ങിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ് ഉമ്മൻ ചാണ്ടി. എന്റെ ആഗ്രഹം ഉമ്മൻ ചാണ്ടിയെ പോലെ ഉള്ള നേതാക്കൾ വളരണമെന്നാണ്. എന്റെ ജീവിതത്തിൽ തുടക്കം മുതൽ ഉമ്മൻ ചാണ്ടിയുമായി ബന്ധമുണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിച്ചു. ശ്രുതി തരംഗം പോലെ ഉള്ള പദ്ധതി ഉമ്മൻ ചാണ്ടി നടത്തിയത് വോട്ട് കിട്ടാൻ അല്ല. അദ്ദേഹം അത് നടത്തിയത് കുട്ടികൾക്കു വേണ്ടിയാണ്. കേരളത്തിൽ ഒരു കുഞ്ഞും കേൾവി ശക്തിയില്ലാതെ ഇരിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്. ആർഎസ്എസ്- സിപിഎം പ്രത്യയശാസ്ത്രങ്ങളെ എതിർക്കുന്നു. പ്രസംഗങ്ങളിലൂടെ ആണ് അവരെ എതിർക്കുന്നത്. ആർഎസ്എസ്, സിപിഎം ജനങ്ങളുടെ വികാരങ്ങൾ അറിയാൻ കഴിയാത്തവരാണ്. ജനങ്ങളെ കേൾക്കുന്ന നേതാക്കളാണ് രാഷ്ട്രീയത്തിൽ നിൽക്കേണ്ടത്. ഉമ്മൻ ചാണ്ടി തൻ്റെ ഗുരുവാണ്. ഗുരു എന്നാൽ ടീച്ചർ എന്ന് മാത്രം അല്ല. ഗുരു എന്നാൽ വഴികാട്ടിത്തരുന്ന ആൾ കൂടിയാണ്. പല അർത്ഥത്തിൽ എന്റെ ഗുരു ആണ് ഉമ്മൻ ചാണ്ടി. പല കാര്യത്തിലും വഴികാട്ടിയെന്നും രാഹുൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam