'ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടരുത്'; ആശ്വാസ വാക്കുകളുമായി മേപ്പാടി ക്യാമ്പില്‍ രാഹുല്‍

By Web TeamFirst Published Aug 12, 2019, 2:37 PM IST
Highlights

മുഖ്യമന്ത്രിയുമായും പ്രാധാന മന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലെങ്കിലും ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ദുരന്തബാധിതരെ രാഹുല്‍ ഗാന്ധി അറിയിച്ചു. 

വയനാട്: മേപ്പാടി ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരുമായി എംപി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചു. ക്യാമ്പിലെ ആളുകള്‍ക്കിടയിലേക്ക്  ഇറങ്ങി ഓരോരുത്തരെയും കണ്ട രാഹുല്‍ ഗാന്ധി ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടന്ന് ഉറപ്പുനല്‍കി. വീട് നഷ്ടമായവർക്കെല്ലാം സഹായം ലഭ്യമാക്കും.

മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലെങ്കിലും അതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ദുരന്തബാധിതരെ രാഹുല്‍ ഗാന്ധി അറിയിച്ചു. അതേസമയം ദുരന്തത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നതിൽ രാഹുല്‍ സന്തോഷവും പ്രകടിപ്പിച്ചു. 

മരുന്നും ശുചീകരണ വസ്തുക്കളും വേണമെന്നാണ് ക്യാമ്പുകളിൽ നിന്നുയരുന്ന പൊതുവായ ആവശ്യം. സർക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് അറിയിച്ച രാഹുല്‍ എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് മടങ്ങി. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വേണ്ടി നേരത്തേ രാഹുല്‍ ഗാന്ധി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 

തന്‍റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്പുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥന.

click me!