രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനവും പരാതിയും ചര്‍ച്ചയാകും

By Web TeamFirst Published Sep 29, 2021, 6:35 AM IST
Highlights

രാവിലെ 8.30 കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തും. 

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (rahul gandhi) ഇന്ന് അദ്ദേഹത്തിൻ്റെ മണ്ഡലമായ വയനാട്ടിലെത്തും (wayanad). മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മർക്കസ് നോളജ് സിറ്റിയിൽ സ്കൂളിന് തറക്കല്ലിടൽ തുടങ്ങിയവയാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ. രാവിലെ 8.30 കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തും. 

തുടർന്ന് കടവ് റിസോര്‍ട്ടിൽ വച്ച് ഇരുവരും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. നേതൃത്വത്തിനെതിരെ മുൻ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഉയർത്തിയ വിമർശനവും സുധീരൻ്റെ രാജിയും ചർച്ചയിൽ പ്രധാന വിഷയങ്ങളാവും. തുടർച്ചയായി മുതിർന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി പ്രസിഡണ്ടിൻ്റെയും കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പം ദില്ലിയിൽ നിന്നും വരുന്നുണ്ട്. അദേഹവും ചർച്ചയിൽ പങ്കെടുക്കും. നാളെ രാവിലെ കരിപ്പൂരിൽ നിന്നും രാഹുൽ ഗാന്ധി ദില്ലിയിലേക്ക് മടങ്ങും.

click me!