‌കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവൻ: ബി.വി.ശ്രീനിവാസിന് പിന്തുണയുമായി രാഹുൽ ഗാന്ധി

By Web TeamFirst Published May 14, 2021, 5:17 PM IST
Highlights

കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഇന്ന് വൈകിട്ടാണ് ദില്ലി പൊലീസ് ചോദ്യം ചെയ്തത്. 

ദില്ലി: ദില്ലി പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിന് പിന്തുണയുമായി കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധി രം​ഗത്ത്. കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവനെന്ന് ബി.വി.ശ്രീനിവാസിനെ പിന്തുണച്ച് കൊണ്ട് രാഹുൽ പറഞ്ഞു. 

മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺ​ഗ്രസിനേയും ബി.വി.ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഒരു തരത്തിലും അം​ഗീകരിക്കാനാവില്ലെന്ന് ക‍ർണാടക ഡിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാ‍ർ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ശ്രമിക്കുന്നതും അവ‍ർക്കെതിരെ ​ഗൂഢാലോചന നടത്തുന്നതും ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമ‍ർശിച്ചു. 

കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഇന്ന് വൈകിട്ടാണ് ദില്ലി പൊലീസ് ചോദ്യം ചെയ്തത്. കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ചോദ്യം ചെയ്യല്ലിൽ ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടു. ദില്ലി പൊലീസിൻ്റെ ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്.

പൊലീസ് നടപടിയിൽ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങൾ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സാധിക്കും. ശ്രീനിവാസ് പറഞ്ഞു.

 പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുർജേ വാലയും വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ബി.വി.ശ്രീനിവാസിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി.ശ്രീനിവാസിനെതിരെ നേരത്തെ ദില്ലി കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. 

click me!