
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂര്‍ ജാമ്യഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നിൽ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യയാണെന്നും ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഫെയ്സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചത്. ഈ ബന്ധത്തിനിടയിൽ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാൽ, ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഗൂഢാലോചനയുടെ ഭാഗമായി റെക്കോഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് യുവതി മാധ്യമങ്ങൾക്ക് കൈമാറി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.
അടുത്തകാലത്ത് വിവാഹിതയായ യുവതി ഭർത്താവുമൊന്നിച്ച് തിരുവനന്തപുരത്ത് ഒരുമിച്ചാണ് താമസിക്കുന്നത്. പാലക്കാട് സ്വദേശിയായ ബിജെപി നേതാവാണ് ഭർത്താവ്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ട്. പരാതി നൽകിയില്ലെങ്കിൽ ജോലി പോകുമെന്ന് സ്ഥാപനം യുവതിയോട് പറഞ്ഞിരുന്നു. അതിന് തെളിവുകളുമുണ്ടെന്നും മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും രാഹുൽ ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഗർഭചിദ്രം നടത്തിച്ചെന്ന വാദം നിലനിൽക്കില്ല. പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചത്. ഇത് യുവതി തന്നെ സമ്മതിച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി ഗർഭിണി ആണെങ്കിൽ തന്നെ അതിന് ഉത്തരവാദി ഭർത്താവാണ്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഎം നേതാവ് അറസ്റ്റിലായതോടെ ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷ നിരയിലെ യുവ നേതാവ് എന്ന നിലയിൽ തനിക്കെതിരായ പരാതി ഉയർത്തിയതെന്നും മുൻകൂർ ജാമ്യ ഹർജിയിൽ രാഹുൽ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുൽ മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്‍റെ വാദം. പൊലീസിന്‍റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുൽ ഹര്‍ജിയിൽ പറയുന്നു. എന്നാൽ, ഹർജിക്കാരനെതിരെ നിരവധി തെളിവുകളുണ്ടെന്നും ജാമ്യ ഹർജിയെ ശക്തമായി എതിർക്കുമെന്നും പൊലീസ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് ആയിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. ഡിസിപിയും ഒരു അസി. കമ്മീഷണറും ഉള്‍പ്പെട്ട അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തികൊണ്ടുള്ള ഉത്തരവ് വൈകിട്ടോടെയിറങ്ങും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള നേമം പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേമം സ്റ്റേഷൻ പരിധിയിൽ വെച്ചാണ് കുറ്റകൃത്യം നടന്നതെന്നതിനാലാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. രാഹുലിനെതിരെ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍ ഇറക്കിയത്. യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. അടൂരിലെ വ്യാപാരിയായ സുഹൃത്ത് വഴിയാണ് രാഹുൽ ഗര്‍ഭഛിദ്ര ഗുളിക എത്തിച്ചതെന്നാണ് യുവതിയുടെ മൊഴി. രാഹുലിനൊപ്പം സുഹൃത്തായ അടൂരിലെ വ്യാപാരി ജോബി ജോസഫിനെയും കേസിൽ പ്രതിചേര്‍ത്തിട്ടുണ്ട്. നിര്‍ബന്ധിത ഗര്‍ഭഛിത്രം, ബലാത്സംഗം, കഠിനമായ ദഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 2025 മാര്‍ച്ച മുതൽ പീഡിപ്പിച്ചെന്നും യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലിൽ പകര്‍ത്തിയെന്നും ഗര്‍ഭിണിയായശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വെച്ചും ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെയുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam