
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എൻ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു. നിയമ നിർമാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങും. നാല് ബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എ എൻ ഷംസീര്‍ അറിയിച്ചു. നാളെ മുതൽ ഒക്ടോബർ 10 വരെയാണ് സമ്മേളനം.
ലൈംഗിക ആരോപണങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനമെന്നാണ് വി ഡി സതീശൻ നേരത്തെ പ്രതികരിച്ചത്. ഇതിന് പിന്നാലെ രാഹുലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് വി ഡി സതീശൻ കത്ത് നൽകും. രാഹുൽ ഇനി സഭയിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കും. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam