
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ തന്നെ ഇക്കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടതായിരുന്നു. ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെ എന്ന് പറഞ്ഞ രാഹുൽ തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ ആവശ്യപ്പെട്ടത് വിശ്വാസികൾക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു. തീയതി മാറ്റിയതിൽ സന്തോഷമുണ്ട്. എന്നാൽ അതിന്റെ ക്രെഡിറ്റെടുക്കാൻ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ട കാര്യമാണെന്നും ബിജെപിക്ക് പ്രത്യേകമായി അവകാശവാദം ഉന്നയിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
കൽപ്പാത്തി രഥോത്സവത്തെ തുടർന്നാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 13 ൽ നിന്ന് നവംബർ 20 ലേക്ക് മാറ്റിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തീയതി മാറ്റിയ നടപടിയെ എല്ലാ മുന്നണികളും സ്വാഗതം ചെയ്തു.
തെരഞ്ഞെടുപ്പിന് യുഡിഎഫ് എപ്പോഴും തയ്യാറെന്ന് വിഡി സതീശൻ
തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് യുഡിഎഫ് നേരത്തേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. അന്തിമഘട്ടത്തിൽ തീയതി മാറ്റിയത് എന്തെന്ന് അറിയില്ല. തെരഞ്ഞെടുപ്പിന് യുഡിഎഫ് എപ്പോഴും തയ്യാറാണ്. മൂന്ന് റൗണ്ട് വീടുകൾ കയറി. യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും. പാലക്കാട് തെരഞ്ഞെടുപ്പ് മാറ്റിവച്ച പശ്ചാത്തലത്തിലാണ് യോഗം. തെരഞ്ഞെടുപ്പിന്‍റെ പുതിയ ഷെഡ്യൂളുകൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam