അനധികൃത മദ്യവില്‍പന; കൊട്ടാരക്കര അമ്പലക്കര റീജന്‍സിയില്‍ റെയ്‍ഡ്, അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 21, 2020, 7:14 PM IST
Highlights

കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനധികൃത വില്‍പ്പനയ്ക്കായി ബാറില്‍ സൂക്ഷിച്ചിരുന്ന 98 കുപ്പി വിദേശമദ്യം പൊലീസ് പിടിച്ചെടുത്തു.

കൊല്ലം: കൊട്ടാരക്കരയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ബാറില്‍ പൊലീസ് റെയ്‍ഡ്.  അനധികൃത വില്‍പ്പനയിലൂടെ നേടിയ ഒന്നര ലക്ഷത്തിലധികം രൂപ പിടിച്ചെടുത്ത പൊലീസ് അഞ്ച് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. കൊട്ടാരക്കര അമ്പലക്കര റീജന്‍സിയിലായിരുന്നു പൊലീസ് പരിശോധന. മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള സമയപരിധിക്ക് ശേഷവും ഇവിടെ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനധികൃത വില്‍പ്പനയ്ക്കായി ബാറില്‍ സൂക്ഷിച്ചിരുന്ന 98 കുപ്പി വിദേശമദ്യം പൊലീസ് പിടിച്ചെടുത്തു. അനധികൃത വില്‍പ്പനയിലൂടെ കിട്ടിയ 1,59,000 രൂപയും പിടിച്ചെടുത്തു. റെയ്‍ഡ് നടക്കുന്ന സമയത്ത് ബാറില്‍ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

തുടര്‍ നടപടികള്‍ക്കായി കേസ് പൊലീസ് എക്സൈസിന് കൈമാറും. കൊട്ടാരക്കര മേഖലയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രവര്‍ത്തന സമയത്തിനു ശേഷവും ബാറുകള്‍ പ്രവര്‍ത്തിക്കുന്നെന്ന പരാതികള്‍ വ്യാപകമായിട്ടും എക്സൈസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി പ്രസക്തമാകുന്നത്.
 

click me!