പ്രളയ കാലത്തെ സഹായം: ദുരിതാശ്വാസ സാമഗ്രികൾക്ക് ചരക്ക് കൂലി ആവശ്യപ്പെട്ട് റെയിൽവേ

By Web TeamFirst Published Mar 4, 2020, 9:41 AM IST
Highlights

മഹാരാഷ്ട്രയിലെ ബുസാവലിൽ നിന്നും അയച്ച ദുരിതാശ്വാസ സാധനങ്ങൾക്ക് മാത്രം 24,05263 ലക്ഷം രൂപയാണ് മധ്യ റെയിൽവേ ചരക്ക് കൂലിയായി ഈടാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: 2018 ലെ പ്രളയകാലത്ത് മഹാരാഷ്ട്രയിൽ നിന്നെത്തിച്ച ദുരിതാശ്വാസ സാമഗ്രികൾക്ക് ചരക്ക് കൂലി ആവശ്യപ്പെട്ട് റെയിൽവേ. 24 ലക്ഷത്തിന്‍റെ ബില്ലാണ് മധ്യ റെയിൽവേ കൈമാറിയത്.

പ്രളയ കാലത്ത് രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നും ടണ്‍ കണക്കിന് ദുരിതാശ്വാസ സാധനങ്ങളാണ് കേരളത്തിലെ പ്രളയ മേഖലകളിലെത്തിയത്. മലയാളി കൂട്ടായ്മകൾക്ക് പുറമെ അന്യ സംസ്ഥാനങ്ങളിലെ വ്യക്തികളും സംഘടനകളും കേരളത്തിന് കൈത്താങ്ങായി. എന്നാൽ മഹാരാഷ്ട്രയിലെ ബുസാവലിൽ നിന്നും അയച്ച ദുരിതാശ്വാസ സാധനങ്ങൾക്ക് മാത്രം 24,05263 ലക്ഷം രൂപയാണ് മധ്യ റെയിൽവേ ചരക്ക് കൂലിയായി ഈടാക്കിയിരിക്കുന്നത്. 

പത്തനംതിട്ട ജില്ലാ കളക്ടറുടെ പേരിൽ അയച്ച ദുരിതാശ്വാസ സാമഗ്രികൾക്കാണ് ഈ തുക നൽകേണ്ടത്. ദുരന്ത നിവാരണ വകുപ്പിലെ റിലീഫ് കമ്മീഷണർക്കാണ് ബില്ലുകൾ അയച്ചത്. ഉടൻ പണം നൽകണമെന്നും ഡിസിഎം ബി അരുണ്‍കുമാർ അയച്ച കത്തിൽ വ്യക്തമാക്കുന്നു. ചരക്കുകൂലി ഇളവ് ചെയ്യുമെന്ന് റെയിൽവേ ഉറപ്പ് നൽകിയിട്ടില്ലെങ്കിലും ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം.

click me!