അഞ്ചാം ദിവസവും അടച്ചിട്ട് കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാത: ഫറോക്കില്‍ ഇന്ന് പരിശോധന

By Web TeamFirst Published Aug 12, 2019, 8:58 AM IST
Highlights

 ഫറോക്ക് പാലം കൂടി തുറന്നു കൊടുത്താല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാം. 

തിരുവനന്തപുരം:  കോഴിക്കോട് - ഷൊര്‍ണ്ണൂര്‍ പാതയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഗതാഗതം മുടങ്ങി കിടക്കുന്നു. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഫറോക്ക് മേല്‍പ്പാലത്തിന്‍റെ ഡെയ്ഞ്ചര്‍ സോണിന് മുകളില്‍ വെള്ളമെത്തുകയും ഷൊര്‍ണ്ണൂരിനടുത്ത് കാരക്കാട് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതതാണ് ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറാവാന്‍ കാരണം. 

ഫറോക്ക് പാലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോക്കില്‍ പരിശോധന നടത്തുന്നുണ്ട്. പാലം ഗതാഗതയോഗ്യമാണെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ കോഴിക്കോട് നിന്നും തെക്കോട്ടുള്ള റെയില്‍വേ ഗതാഗതം പുനസ്ഥാപിക്കാനാവും. 

നിലവില്‍ മംഗാലപുരം ഭാഗത്തേക്കുള്ള തീവണ്ടികള്‍ ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്നും കോഴിക്കോട് വരെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. ഷൊര്‍ണ്ണൂര്‍-പാലക്കാട് തീവണ്ടിപാത ഇന്നലെ തുറന്നതോടെ തമിഴ്‍നാട് വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വീണ്ടും ഓടിതുടങ്ങിയിട്ടുണ്ട്. ഫറോക്ക് പാലം കൂടി തുറന്നു കൊടുത്താല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാം. 

മുന്‍ദിവസങ്ങളിലേത് പോലെ ഇന്നും നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും സര്‍വ്വീസ് വെട്ടിച്ചുരുക്കയും ചെയ്തിട്ടുണ്ട് 

  • 16346 തിരുവനന്തപുരം സെന്‍ട്രല്‍ - ലോകമാന്യതിലക്ക് എക്സ്പ്രസ് ഇന്ന് മംഗലാപുരത്ത്  നിന്നും സര്‍വ്വീസ് ആരംഭിക്കും.
  • തിരുവനന്തപുരം-കോഴിക്കോട്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകള്‍ ഷൊര്‍ണ്ണൂരിനും തിരുവനന്തപുരത്തിനുമിടയില്‍ ഓടും 

ഇന്ന് റദ്ദാക്കിയ തീവണ്ടികള്‍ 

  1. 16337 ഓഖ-എറണാകുളം എക്സ്പ്രസ്
  2. 12521 ബറുണി- എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ്
  3. 22645 ഇന്‍ഡോര്‍ - തിരുവനന്തപുരം അഹല്ല്യനഗരി എക്സ്പ്രസ്
  4. 07116 കൊച്ചുവേളി - ഹൈദരാബാദ് സ്പെഷ്യല്‍ ട്രെയിന്‍ 
  5. 56603 തൃശ്ശൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍ 
  6. 56664 കോഴിക്കോട് - തൃശ്ശൂര്‍ പാസഞ്ചര്‍ 
  7. 56663 തൃശ്ശൂര്‍ - കോഴിക്കോട് പാസഞ്ചര്‍ 
  8. 12257 യശ്വന്ത്പുര്‍ -കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് 
  9. 13351 ധന്‍ബാദ് - ആലപ്പുഴ എക്സ്പ്രസ്
     
click me!