എറണാകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

By Web TeamFirst Published Jul 13, 2021, 9:56 AM IST
Highlights

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ എറണാകുളത്തെ പല  ഭാഗങ്ങളിലും, പ്രത്യേകിച്ച് കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.

കൊച്ചി: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ എറണാകുളത്തെ പല  ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളിൽ മരം വീണ് പല വീടുകളും ഭാഗികമായി തകർന്നു. കോഴിക്കോട്ടും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴയാണ് പെയ്തത്. മലപ്പുറം പേരശ്ശന്നൂരിൽ ശനിയാഴ്ച പുഴയിൽ  ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. 

ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ അറബിക്കടലിൽ തെക്കൻ ഗുജറാത്തിന് സമീപം പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. 16-ാം തീയതി വരെ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുലർച്ചെ 4.50-ഓടെയാണ് എറണാകുളത്ത് ശക്തമായ കാറ്റ് വീശിയത്. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശത്തും വീടുകൾ ഭാഗികമായി തകർന്നു. ഇവിടെ പലയിടത്തും വീടുകൾക്ക് മുകളിലേക്ക് മരം വീണാണ് കേടുപാട് പറ്റിയത്. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ , മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി. ഇവിടെ റോഡുകൾ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും ഫയർ ഫോഴ്സിന്‍റെ മൂന്ന് യൂണിറ്റുകളെത്തി, മരങ്ങൾ മുറിച്ചുമാറ്റുകയാണ്. പലയിടത്തും വ്യാപക കൃഷിനാശമുണ്ടായി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

വടക്കൻ ജില്ലകളിലും കനത്ത മഴ

കോഴിക്കോട് ജില്ലയിൽ ഇന്നലെയും ഇന്നുമായി ശക്തമായ മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. കക്കയം ഡാമിലെ ജലനിരപ്പ് ആശങ്കാജനകമല്ല. വടക്കൻ ജില്ലകളിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

അതേസമയം, മലപ്പുറം പേരശ്ശന്നൂരിൽ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. എടച്ചലം സ്വദേശി സഹദിന്‍റെ മൃതദേഹം ആണ് കണ്ടത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സഹദും സുഹൃത്തുകളായ രണ്ട് പേരും ഒഴുക്കിൽ പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. 

click me!